ആപ്പിൾ ഐ ഫോണുകളെ വെല്ലാൻ ഗൂഗിളിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വരുന്നു. ഗൂഗിൾ പിക്‌സൽ, പിക്സൽ എക്‌സ്എൽ എന്നീ മോഡലുകൾ സാൻഫ്രാൻസിസ്‌കോയിൽ നടന്ന ചടങ്ങിൽ ഗൂഗിൾ അവതരിപ്പിച്ചു.

ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ ഇവയെത്തുമെന്നും ഗൂഗിൾ വ്യക്തമാക്കി. 57,000 രൂപ മുതലാണ് വില. ഈ മാസം തന്നെ ഓർഡറുകൾ സ്വീകരിച്ച് തുടങ്ങും.

ഗൂഗിളിന്റെ സ്മാർട് ഫോണുകൾ കൂടി എത്തുന്നതോടെ വിപണിയിലെ മത്സരം കടുക്കും. പിക്സലിന് 5 ഇഞ്ചും എക്സ്എലിന് 5.5 ഇഞ്ചും ആണ് സ്‌ക്രീൻ വലിപ്പം. ഇന്ത്യയിൽ ഒക്ടോബർ 20 മുതൽ ഓർഡറുകൾ സ്വീകരിച്ച് തുടങ്ങും.

ഗൂഗിൾ അസിസ്റ്റന്റ് ആപ്ലിക്കേഷനാണ് പിക്സൽ ഫോണുകളുടെ പ്രധാന സവിശേഷത. ഫോണിന് ശബ്ദത്തിലൂടെ നിർദ്ദേശം നൽകി പ്രവർത്തിപ്പിക്കാൻ കഴിയും എന്നതാണ് അസിസ്റ്റന്റിനെ ആകർഷകമാക്കുന്നത്. 4കെ ഫുൾ എച്ച്ഡി വീഡിയോ സൗകര്യത്തോടെയെത്തുന്ന ഫോൺ ആൻഡ്രോയിഡ് നൗഗട്ട് പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുക.

12 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗ്പികസൽ മുൻക്യാമറ, ഫിംഗർ പ്രിന്റ് സെൻസറുകൾ എന്നിവയാണ് പിക്സലിന്റെ മറ്റ് സവിശേഷതകൾ. 15 മിനിറ്റ് ചാർജ് ചെയ്താൽ 7 മണിക്കൂർ ബാറ്ററി ബാക്ക് അപ്പ് ലഭിക്കും. വെള്ള, കറുപ്പ് നിറങ്ങളിലാകും പിക്സൽ ലഭിക്കുക. പ്രത്യേക ലിമിറ്റഡ് എഡിഷനായി നീല നിറത്തിലും ഫോൺ പുറത്തിറക്കുന്നുണ്ട്.