പത്തനംതിട്ട: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ്. എം. ഫാത്തിമ ബീവിയെ കാണാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പത്തനംതിട്ടയിലെ വീട്ടിൽ നേരിട്ടെത്തി. ശബരിമല ദർശനത്തിനു ശേഷം രാജ്ഭവനിലേക്ക് മടങ്ങുന്ന വഴിയാണ് ഗവർണർ സന്ദർശനം നടത്തിയത്. ജസ്റ്റിസ്. എം. ഫാത്തിമ ബീവിയോടുള്ള ബഹുമാന സൂചകമായാണ് സന്ദർശനം നടത്തിയതെന്ന് ഗവർണർ പറഞ്ഞു.

പരമോന്നത കോടതിയായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയാണ് ജസ്റ്റിസ്. എം. ഫാത്തിമ ബീവി. ഒരുപാട് ആളുകൾക്ക് പ്രചോദനമാണ് അവർ. പ്രത്യേകിച്ചും വളർന്നു വരുന്ന പെൺകുട്ടികൾക്ക്. ജഡ്ജി എന്നതിന് ഉപരി ഗവർണറുമായിരുന്നു. ഫാത്തിമാ ബീവി ബഹുമാനമർഹിക്കുന്നു. അതിനാലാണ് സന്ദർശിച്ചതെന്നും ഗവർണർ പറഞ്ഞു.

വളരെ കാലമായി ഗവർണറെ നേരിട്ട് അറിയാമെന്ന് ജസ്റ്റിസ്. എം. ഫാത്തിമ ബീവി പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരനുമായും അടുത്ത ബന്ധമുണ്ട്. തീർത്തും സൗഹൃദ സന്ദർശനമായിരുന്നു ഗവർണർ നടത്തിയത്. ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഗവർണർ പറഞ്ഞെന്നും ജസ്റ്റിസ് ഫാത്തിമാ ബീവി പറഞ്ഞു.

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി എന്നതും, ഇന്ത്യയുടെ ന്യായാധിപ സ്ഥാനങ്ങളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ഇരുന്ന ആദ്യത്തെ മുസ്ലിം വനിത എന്ന ബഹുമതിയും ജസ്റ്റിസ് ഫാത്തിമ ബീവിക്ക് സ്വന്തമാണ്. ഏഷ്യയിൽ തന്നെ രാജ്യങ്ങളിൽ പരമോന്നതകോടതിയിൽ ഒരു ജഡ്ജ് ആയ വനിത എന്ന ബഹുമതിയും ഫാത്തിമാ ബീവിക്കാണ്. സുപ്രീം കോടതിയിലെ പദവിയിൽ നിന്ന് വിരമിച്ച ശേഷം ജസ്റ്റിസ് ഫാത്തിമ ബീവി തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.