തൃശൂർ: കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേനയിലെ ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകുന്നതിന്റെയും അച്ഛന് ചികിത്സാ ധനസഹായം നൽകുന്നതിന്റെയും സർക്കാർ ഉത്തരവ് കൈമാറി. പുത്തൂരിലെ വീട്ടിൽ നേരിട്ടെത്തി റവന്യൂ മന്ത്രി കെ. രാജനാണ് ഉത്തരവുകൾ കൈമാറിയത്. പ്രദീപിന്റെ കുടുംബത്തിന് ഒരാഴ്ചക്കുള്ളിൽ സർക്കാർ സഹായം നൽകാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. കലക്ടർ ഹരിത വി. കുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പ്രദീപിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി റവന്യൂ വകുപ്പിൽ ജില്ലയിൽ തന്നെ നൽകുമെന്നും ഇതിനായി കലക്ടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദീപിന്റെ അച്ഛന്റെ ചികിത്സാ സഹായത്തിനുള്ള തുക കലക്ടറുടെ പ്രത്യേക ഫണ്ടിലേക്ക് എത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് എത്തുമെന്നും മന്ത്രി അറിയിച്ചു. തൃശൂർ തഹസിൽദാർ ജയശ്രീ, ജില്ല പഞ്ചായത്ത് അംഗം കെ.വി. സജി എന്നിവരും മന്ത്രിക്കൊപ്പം പ്രദീപിന്റെ വീട് സന്ദർശിച്ചു.

ഡിസംബർ എട്ടിന് കുനൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ എ. പ്രദീപ് അടക്കം 13 പേരാണ് മരിച്ചത്. ഇതിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടും. പ്രദീപിന്റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ ഭാര്യ ശ്രീലക്ഷ്മിക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭയോഗം തീരുമാനിച്ചിരുന്നു. ജോലിക്ക് പുറമേ സർക്കാറിന്റെ സൈനിക ക്ഷേമനിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായവും പ്രദീപിന്റെ അച്ഛന് ചികിത്സാ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയും നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു.

സാധാരണ നിലയിൽ യുദ്ധത്തിലോ യുദ്ധസമാനമായ അന്തരീക്ഷത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതർക്ക് ജോലി നൽകുന്നതിനാണ് നിയമാവലിയുള്ളത്. എന്നാൽ, പ്രദീപ് കേരളത്തിന് നൽകിയ സേവനങ്ങൾ പരിഗണിച്ച് പ്രത്യേക പരിഗണന നൽകുവാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 2004ൽ വ്യോമസേനയിൽ ജോലി ലഭിച്ചതിനു ശേഷം സേനയുടെ ഭാഗമായി വിവിധങ്ങളായ മിഷനുകളിൽ അംഗമായി പ്രദീപ് പ്രവർത്തിച്ചിരുന്നു. 2018ൽ കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സ്വയം സന്നദ്ധമായി പ്രദീപ് സേവനമനുഷ്ടിച്ചു.

കുടുംബത്തിന്റെ ഏക വരുമാനദായകനായിരുന്നു പ്രദീപ്. അച്ഛൻ ദീർഘനാളുകളായി ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോവുന്നത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രദീപിന്റെ ഭാര്യക്ക് ജോലിയും ധനസഹായവും നൽകാൻ സർക്കാർ തീരുമാനിച്ചത്.