ന്യൂഡൽഹി: ഒളിംപിക്‌സ് മെഡൽ ജേതാക്കൾ സമ്മാനിച്ചതടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച വിലപ്പെട്ട സമ്മാനങ്ങൾ സാംസ്‌കാരിക മന്ത്രാലയം ലേലത്തിൽ വെച്ചു. ഒളിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ ജാവലിൻ, പിവി സിന്ധുവിന്റെ ബാഡ്മിന്റൺ റാക്കറ്റും ബാഗും ഉൾപ്പടെയുള്ളവയാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. വ്യക്തികൾക്കും,സംഘടനകൾക്കും https:pmmementos.gov.in എന്ന വെബ് സൈറ്റിലൂടെ സെപ്റ്റംബർ 17 നും ഒക്ടോബർ 7 നും ഇടയിൽ ഇ-ലേലത്തിൽ പങ്കെടുക്കാം.

നീരജിന്റെ ജാവലിന് ഒരു കോടി രൂപയാണ് വില. സിന്ധുവിന്റെ ബാഗിനും റാക്കറ്റിനുമായി 80 ലക്ഷം രൂപയാണ് അടിസ്ഥാന വില. മറ്റൊരു വെങ്കല മെഡൽ ജേതാവ് ലോവലീനയുടെ ബോക്‌സിങ് ഗ്ലൗസിനും 80 ലക്ഷമാണ് അടിസ്ഥാന വില.

വനിതാ ഹോക്കി തരങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ച ഹോക്കി സ്റ്റിക്കുകൾക്ക് 80 ലക്ഷമാണ് വില. 2700 സമ്മാനങ്ങളാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. ഒക്ടോബർ 7 ആണ് ലേലത്തിൽ എൻട്രി സ്വീകരിക്കുന്ന അവസാന തീയതി.

ടോക്യോ ഒളിമ്പിക്‌സിൽ മെഡലുകൾ നേടിയ ഒളിമ്പ്യന്മാരുടെയും പാരാലിമ്പ്യന്മാരുടെയും സ്പോർട്സ് ഗിയറും മറ്റ് ഉപകരണങ്ങളും, അയോധ്യയിലെ രാമക്ഷേത്രം, തീർത്ഥാനട കേന്ദ്രമായ ചാർധാം, രുദ്രാക്ഷ് കൺവെൻഷൻ സെന്റർ എന്നിവയുടെ പ്രതിരൂപങ്ങൾ (ൃലുഹശരമ), ശിൽപ്പങ്ങൾ, പെയിന്റിംഗുകൾ, അംഗവസ്ത്രങ്ങൾ എന്നിവയാണ് ലേലം ചെയ്യുന്നത്.

ഇ-ലേലത്തിൽ നിന്നുള്ള വരുമാനം ഗംഗയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നമാമി ഗംഗ മിഷനിലേക്ക് നൽകുമെന്നും സാംസ്‌കാരിക മന്ത്രാലയം അറിയിച്ചിരുന്നു.

മുമ്പും പ്രധാനമന്ത്രിക്ക് കിട്ടിയ സമ്മാനങ്ങൾ ലേലം ചെയ്തിരുന്നു. വിൽപ്പനയ്ക്ക് വെക്കുന്ന സമ്മാനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഓൺലൈൻ വഴി നൽകും. 2014 മുതൽ 2018 വരെ കിട്ടിയ 1800 സമ്മാനങ്ങൾ മൂന്നു മാസത്തോളം പ്രദർശനത്തിന് വച്ചശേമാണ് ലേലത്തിന് വിറ്റത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തു പ്രധാനമന്ത്രി മോദി തനിക്കു ലഭിച്ച മെമെന്റോകൾ ലേലത്തിലൂടെ കൈമാറുകയും അതുവഴി ലഭിക്കുന്ന പണം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു നീക്കിവെക്കുകയും ആയിരുന്നു ചെയ്തിരുന്നത്. അതേ പാത പിൻതുടർന്നാണ് ലേലത്തിലൂടെ ലഭിക്കുന്ന തുക ഗംഗയെ വൃത്തിയാക്കാനുള്ള ഫണ്ടിലേക്കു കൈമാറുന്നത്.