ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിവാദങ്ങളിൽ പ്രതികരിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നു. പ്രവാചകന്റെ കാലത്തെ സ്ത്രീകൾ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നതായും ഗവർണറുടെ പ്രതികരിച്ചു.

ഇസ്‌ലാം ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവർണർ പറഞ്ഞു. പ്രവാചകന്മാരുടെ കാലം മുതൽക്കെ ഹിജാബിനെ എതിർത്തിരുന്നു. സൗന്ദര്യത്തിൽ പ്രതിഫലിക്കുന്നത് ദൈവത്തിന്റെ മഹത്വമാണെന്ന് അക്കാലത്ത് സ്ത്രീകൾ വിശ്വസിച്ചിരുന്നു.ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചു വയ്ക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്ത്രീകൾ വാദിച്ചിരുന്നു. സൗന്ദര്യം മറച്ചു വയ്ക്കുകയല്ല പകരം ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടതെന്നും ചരിത്രം ഉദ്ധരിച്ച് ഗവർണർ പറഞ്ഞു. ഡൽഹിയിൽ വച്ചാണ് വിഷയത്തിൽ ഗവർണർ പ്രതികരിച്ചത്.

ലോകായുക്ത ഓർഡിനൻസിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഗവർണർ പറഞ്ഞു. മന്ത്രിസഭയുടെ നിർദ്ദേശം അംഗീകരിക്കാൻ ഗവർണർക്ക് ഭരണഘടനാബാധ്യതയുണ്ട്. ഓർഡിനൻസ് അംഗീകരിച്ചതുവഴി നിറവേറ്റിയത് ഭരണഘടനാ ചുമതലയാണ്. തീരുമാനങ്ങൾ എടുക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്നും ഗവർണർ.

ഉഡുപ്പിയിലെ സർക്കാർ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങൾക്ക് വഴിതുറന്നത്. നടപടിക്കെതിരേ വിദ്യാർത്ഥിനികൾ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ 'ഐ ലവ് ഹിജാബ്' എന്ന് പേരിൽ ക്യാംപയിനും വിദ്യാർത്ഥികൾ ആരംഭിച്ചിരുന്നു.

ഹിജാബ് ധരിച്ച് ക്ലാസിലിരിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെതിരെ ചില ഹിന്ദു സംഘടനകളും രംഗത്തെത്തിയതോടെ കോളേജുകളിലെ സംഘർഷം തെരുവുകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളിൽ വിദ്യാർത്ഥികൾ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഇതോടെ സ്‌കൂളുകളും കോളേജുകളും അടക്കേണ്ട സാഹചര്യമുണ്ടായി.

ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവിനെതിരെ വിവിധ വിദ്യാർത്ഥിനികളും സംഘടനകളും കോടതിയെ സമീപിച്ചു. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. ഹിജാബ് മാത്രമല്ല, കാവി ഷാൾ പുതച്ച് വരികയും ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. അന്തിമ ഉത്തരവ് വരുന്നത് വരെ മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാർത്ഥികൾ ധരിക്കരുതെന്നും കോടതി നിർദ്ദേശം.

സമാധാനം തകർക്കുന്ന ഒരു തരം നീക്കങ്ങളും പാടില്ല. സമാധാനം ഉറപ്പാക്കുന്നതാണ് അത്യന്താപേക്ഷിതം എന്നാണ് കോടതി നിരീക്ഷിച്ചത്. ഹർജികൾ പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 14-ലേക്ക് മാറ്റുകയും ചെയ്തു.