ന്യൂഡൽഹി: സമ്മർദ്ദത്തിന് മുകളിൽ സർവകലാശാല ചാൻസിലറായി പ്രവർത്തിക്കാൻ കഴിയില്ലെന്നും കത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും സമ്മർദ്ദത്തിൽ പ്രവർത്തിക്കാൻ താൽപര്യമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പ്രതികരിച്ചു. ബാഹ്യ ഇടപെടൽ എന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്നാണ് ഗവർണറുടെ നിലപാട്.

മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് ഗവർണർ നിലപാട് ആവർത്തിച്ചത്.

ഓരോരുത്തർക്കും സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്യമുണ്ട്, സമ്മർദ്ദത്തിൽ ആയി പ്രവർത്തിക്കാൻ താൽപ്പര്യമില്ലാത്തിനാലാണ് ചുമതല ഒഴിയുന്നത്. മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനങളിൽ പ്രതികരിക്കുന്നില്ല - ഗവർണർ വ്യക്തമാക്കി.

കേരള നിയമസഭ ചുമതലപ്പെടുത്തിയ ജോലിയാണ് താൻ ചെയ്യുന്നത്. എന്നാൽ ഈ ജോലിചെയ്യാൻ പ്രയാസമുണ്ടാകുന്ന സാഹചര്യമാണ്. സമ്മർദ്ദത്തിന് മുകളിൽ ചാൻസലറായി പ്രവർത്തിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ചാൻസലർ പദവി മുഖ്യമന്ത്രിയോട് ഏറ്റെടുക്കാൻ പറഞ്ഞത്. അതിനുശേഷം അവർക്ക് ഇഷ്ടംപോലെ പ്രവർത്തിക്കാമെന്നും ഗവർണർ പറഞ്ഞു.

സർക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രിയുടെ മറുപടി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ഗവർണർ പ്രതികരിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ മറുപടിയിൽ കൂടുതൽ പ്രതികരങ്ങൾക്ക് തയ്യാറല്ലെന്നും ഗവർണർ വ്യക്തമാക്കി.

സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലെന്ന ഗവർണരുടെ വിമർശനത്തിന് വാർത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞത്. നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിസി നിയമനം കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ഒട്ടും ശരിയല്ല. മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യാൻ ഗവർണറോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാൻസലർ സ്ഥാനം സർക്കാർ ഒരിക്കലും മോഹിച്ചിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ചാൻസലർ പദവിയിൽ ഗവർണർ തുടരണമെന്നും പദവി ഉപേക്ഷിക്കരുതെന്നും ആവശ്യപ്പെട്ടു. ഗവർണറുമായി ഏറ്റുമുട്ടുകയെന്ന നയം സർക്കാരിനില്ലെന്നാണ് പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഗവർണർ പരസ്യമായി പറഞ്ഞതിനാലാണ് മറുപടി പറഞ്ഞതെന്നാണ് വിശദീകരണം. പൗരത്വ നിയമഭേദഗതി വന്ന സമയത്തെ റസിഡന്റ് പരാമർശം ഗവർണർക്കെതിരെയുള്ള വ്യക്തിപരമായ പരാമർശമല്ലെന്നും രാഷ്ട്രീയമായ മറുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാൻസിലറുടെ അധികാരം സർക്കാർ ഒരിക്കലും കവർന്നെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഗവർണറുമായി സർക്കാർ ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ വിശദീകരണം. ചാൻസിലറുടെ സ്ഥാനത്തുനിന്ന് മാറരുതെന്നാണ് ഗവർണറോട് അഭ്യർത്ഥിക്കാനുള്ളത്. ഗവർണർ പരസ്യമായി പ്രതികരിച്ചതുകൊണ്ട് മാത്രമാണ് ഇക്കാര്യം വാർത്താസമ്മേളനം നടത്തി പറയേണ്ടി വന്നത്. അല്ലെങ്കിൽ വ്യക്തിപരമായി പറഞ്ഞ് തീർക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

വൈസ് ചാൻസലർ നിയമനത്തിൽ യോഗ്യതയ്ക്കു പകരം പ്രാമുഖ്യം സിപിഎം താൽപര്യത്തിന്. സർവകലാശാല ഭരണവും അദ്ധ്യാപക നിയമനങ്ങളും ഇടത് അദ്ധ്യാപക സംഘടനകൾ കൈകാര്യം ചെയ്യുന്നു. കെ.ടി.ജലീൽ മന്ത്രിയായിരിക്കെ എംജിയിലും സാങ്കേതിക സർവകലാശാലയിലും അദാലത്ത് വഴി നടത്തിയ മാർക്ക് ദാനം.

മാർക്ക് ദാനത്തിലൂടെ നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള അധികാരം ഗവർണർക്കാണ്.എന്നാൽ എംജി സർവകലാശാല നേരിട്ട് ഡിഗ്രി റദ്ദാക്കുകയും തുടർന്നു വിദ്യാർത്ഥികൾ കോടതിയിൽ പോയി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. അത് സർവകലാശാല അംഗീകരിച്ചു.

സിപിഎം നേതാക്കന്മാരുടെ ഭാര്യമാർക്ക് വിവിധ സർവകലാശാലകളിൽ അദ്ധ്യാപക നിയമനം ലഭിച്ചതു സംബന്ധിച്ച വിവാദങ്ങൾ. കണ്ണൂർ സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യേണ്ടത് ഗവർണർ ആണെങ്കിലും അദ്ദേഹം അറിയാതെ ബോർഡിലേക്ക് സിൻഡിക്കറ്റ് നേരിട്ട് 71 പേരെ നിയമിച്ചു എന്നിങ്ങനെ തുടർച്ചയായി സർവകലാശാലയിൽ കേന്ദ്രീകരിച്ച് വഴിവിട്ട നീക്കങ്ങൾ നടന്നതോടെയാണ് ഗവർണർ പരസ്യ പ്രതികരണത്തിന് തയ്യാറായത്.

ഉന്നതവിദ്യഭ്യാസ രംഗത്തെ അമിതരാഷ്ട്രീയവൽക്കരണത്തിനെതിരെ ഗവർണർ പരസ്യമായി പൊട്ടിത്തെറിച്ചത് സർക്കാരിനും മുന്നണിക്കും കനത്ത തിരിച്ചടിയായതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ച് മറുപടി പറഞ്ഞത്. വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾക്കെതിരെ കാലങ്ങളായുള്ള പരാതിയും ഉന്നതവിദ്യാഭ്യാസമേഖലയിലെ മൂല്യച്ച്യുതിയുമെല്ലാം ഇതോടെ വീണ്ടും സജീവചർച്ചയാകുകയാണ്. ചാൻസിലർ പദവിയിലുള്ള ഗവർണർക്ക് തന്നെ മനസ് മടുത്തെങ്കിൽ സാധാരണക്കാരന് നീതിയെവിടെയെന്ന ചോദ്യവും പ്രസക്തമാക്കുന്നതാണ് പുതിയ വിവാദം.

സർവകലാശാലകളിലെ അമിത രാഷ്ട്രീയം, വിസിമാരടക്കം ഉന്നതസ്ഥാനങ്ങളിലെ ഇഷ്ടനിയമനം, രാഷ്ട്രീയനേതാക്കളുടെയും ഉന്നതസ്വാധീനമുള്ളവരുടെയും ബന്ധുക്കളെ നിയമിക്കൽ, കച്ചവടതാൽപര്യങ്ങൾ സംരക്ഷിക്കൽ തുടങ്ങി ഒരു കാലത്തും പൊതുസമൂഹത്തിന് അംഗീകരിക്കാനാകാത്ത കാര്യങ്ങൾ നമ്മുടെ സർവകലാശാലകളിൽ തുടങ്ങിയിട്ട് കാലമേറെയായി. ലോകമാകെ ഉന്നത വിദ്യാഭ്യാസമേഖലയിൽ മുന്നേറുമ്പോൾ കാലത്തിനനുസരിച്ച മാറ്റങ്ങളില്ലെന്നത് കേരളത്തിന്റെ പോരായ്മയായിരുന്നു. ജാതിയടിസ്ഥാനത്തിലും രാഷ്ട്രീയാടിസ്ഥാനത്തിലും വിസിമാരെ നിയമിക്കുന്നുവെന്ന് യുഡിഎഫ് ഭരണകാലത്ത് ആരോപണമുന്നയിച്ച സിപിഎം അധികാരത്തിൽ തുടരുമ്പോഴാണ് പറയാവുന്നതിന്റെ പരമാവധി പറഞ്ഞ് തനിക്ക് മടുത്തുവെന്ന് ഒരു ഭരണത്തലവൻ തുറന്നടിക്കുന്നത്.