തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട നജീറമോളുടെ കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. കൊല്ലം പത്തനാപുരം കണ്ടയം ചരുവിള വീട്ടിൽ നജീറമോളുടെ ആശ്രിതർക്ക് 20 ലക്ഷം രൂപയാണ് ധനസഹായം അനുവദിച്ചത്.

ഇക്കഴിഞ്ഞ മെയ് മാസം 15ാം തിയതിയാണ് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നജീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്. ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞ ഇരുപത്തിരണ്ടുകാരി ജൂൺ 17 നാണ് മരണപ്പെട്ടത്. മരണശേഷം നടത്തിയ പരിശോധനയിൽ നജീറയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുമൂലം മരണമടഞ്ഞ ബിന്ദുവിന്റെ ഭർത്തവ് പി. പ്രവീണിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 3 ലക്ഷം രൂപ കൂടി അനുവദിക്കാൻ തീരുമാനിച്ചു. നേരത്തെ 2 ലക്ഷം രൂപ അനുവദിച്ചിരുന്നു.

സർവ്വകലാശാലകളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കാൻ തീരുമാനിച്ചു. ശമ്പള പരിഷ്‌കരണത്തിനോടൊപ്പം 1.07.2019 മുതൽ പെൻഷൻ പരിഷ്‌ക്കരണവും പ്രാബല്യത്തിൽ വരും. 2021 ജൂലൈ 1 മുതൽ പരിഷ്‌ക്കരിച്ച പ്രതിമാസ പെൻഷൻ നൽകി തുടങ്ങും. പാർട്ട് ടൈം പെൻഷൻകാർക്കും ഈ വ്യവസ്ഥയിൽ പെൻഷൻ നൽകും. സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആയി ഉയർത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.