ഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള ജി.എസ്.ടി കുടിശ്ശിക വിതരണം ചെയ്ത് കേന്ദ്രസർക്കാർ. 75,000 കോടി രൂപയാണ് ഈ ഇനത്തിൽ വിതരണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിന് 4122 കോടി രൂപയാണ് ലഭ്യമാവുക. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് വലിയ ആശ്വാസമാകുന്നതാണ് നടപടി.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെ സന്ദർശിച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് കിട്ടാനുള്ള ജി.എസ്.ടി കുടിശ്ശിക വിതരണം ചെയ്യണമെന്ന് കെ.എൻ. ബാലഗോപാൽ ധനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ വളരെ പെട്ടെന്നുള്ള നടപടിയാണ് കേന്ദ്രം സ്വീകരിച്ചത്.

രണ്ട് തരത്തിലുള്ള വായ്പയെടുത്താണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് പണം വിതരണം ചെയ്യുന്നത്. അഞ്ച് വർഷത്തെ സെക്യൂരിറ്റിയിലും മൂന്ന് വർഷത്തെ സെക്യൂരിറ്റിയിലുമാണ് തുക വിതരണം ചെയ്യുക.

കേരളത്തിന് 4500 കോടിയോളം രൂപയാണ് കിട്ടാനുള്ളത്. കേന്ദ്രത്തിന്റെ നയം അനുസരിച്ച് അഞ്ച് വർഷത്തെ സെക്യൂരിറ്റി ഇനത്തിൽ 3765 കോടിയും മൂന്ന് വർഷത്തെ സെക്യൂരിറ്റി ഇനത്തിൽ 357 കോടി രൂപയുമാണ് കേരളത്തിന് ലഭിക്കുക. സംസ്ഥാനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കെ എൻ ബാലഗോപാൽ കേന്ദ്രത്തെ അറിയിച്ചിരുന്നു. നഷ്ട പരിഹാര കാലാവധി അഞ്ച് വർഷം കൂടി നീട്ടണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണയോടെ വിഷയം ജി എസ്ടി കൗൺസിലിൽ ഉയർത്താൻ കേരളം തീരുമാനിച്ചതായി കെ എൻ ബാലഗോപാൽ അറിയിച്ചു