ന്യൂഡൽഹി: കോവിഷീൽഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സർക്കാരിന് വിദഗ്ധ സമിതി നിർദ്ദേശം. രണ്ടാമത്തെ ഡോസ് കോവിഷീൽഡ് വാക്‌സിൻ 12 മുതൽ 16 ആഴ്ചയ്ക്കിടയിൽ എടുത്താൽ മതിയെന്നാണ് ശുപാർശ. നിലവിൽ രണ്ടാമത്തെ ഡോസ് ആറ് മുതൽ എട്ട് ആഴ്ചയ്ക്കിടയിൽ എടുക്കണമെന്നായിരുന്നു നിർദ്ദേശം. കോവാക്‌സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമില്ല.

കോവിഡ് മുക്തരായവർ ആറ് മാസത്തിന് ശേഷമേ വാക്‌സിൻ എടുക്കേണ്ടതുള്ളൂ. നിലവിൽ കോവിഡ് മുക്തരായവർ 12 ദിവസത്തിന് ശേഷം വാക്‌സിൻ സ്വീകരിക്കാം എന്നായിരുന്നു മാർഗ്ഗരേഖ.

പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവർ പന്ത്രണ്ട് ആഴ്ചയ്ക്ക് ശേഷം വാക്‌സിൻ സ്വീകരിച്ചാൽ മതി. ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗ മുക്തി നേടി നാല് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ വാക്‌സിൻ സ്വീകരിച്ചാൽ മതിയെന്നും വിദഗ്ധ സമിതി നിർദേശിച്ചു.

ഗർഭിണികൾക്ക് ആവശ്യമെങ്കിൽ വാക്‌സിൻ എടുക്കാം. ഇക്കാര്യത്തിൽ ഗർഭിണികൾക്ക് സ്വയം തീരുമാനമെടുക്കാം. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിൻ എടുക്കാമെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തു.

നീതി ആയോഗ് അംഗം ഡോ. വി കെ പോൾ അധ്യക്ഷനായ നാഷണൽ എക്‌സ്‌പെർട്ട് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്‌മിനിസ്‌ട്രേഷനാണ് ഇക്കാര്യങ്ങളിൽ ശുപാർശ നൽകിയത്. ശുപാർശയിൽ കേന്ദ്ര സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും.

അതേസമയം കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതി നിർദ്ദേശത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി.

' ആദ്യം, രണ്ടാമത്തെ ഡോസിന് നാല് ആഴ്ചയും പിന്നീട് 6-8 ആഴ്ചയും ആയിരുന്നു. ഇപ്പോൾ ഞങ്ങളോട് 12-16 ആഴ്ചകൾ എന്ന് പറയുന്നു. യോഗ്യരായ എല്ലാവർക്കും നൽകാൻ വേണ്ടത്ര വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതിനാലോ അതോ ശാസ്ത്രീയ ഉപദേശം അങ്ങനെ അയതിനാലാണോ? മോദി സർക്കാരിൽ നിന്ന് എന്തെങ്കിലും സുതാര്യത പ്രതീക്ഷിക്കാമോ?' - ജയറാം രമേശ് ചോദിച്ചു.