കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ബിജെപിയിൽ അതൃപ്തി പുകയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി മുതിർന്ന ആർഎസ്എസ് നേതാവ് ഇ.എൻ നന്ദകുമാർ രംഗത്തെത്തി. കെ.സുരേന്ദ്രൻ മോദി കളിക്കാനായാണ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതെന്നും ഹെലികോപ്റ്ററിൽ പറന്നു നടന്ന് കോമാളിത്തരം കാട്ടിയെന്നും നന്ദകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങൾ തേടുന്ന ആർത്തിപിടിച്ച ഭാഗ്യാന്വേഷികളാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്സിന്റെ ചുമതലക്കാരനും നാഷണൽ ബുക്ക് ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് നന്ദകുമാർ.

ബിജെപി അവസാനനിമിഷം മാത്രം സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിനെയും, ബിജെപി സ്ഥാനാർത്ഥികളുടെ നോമിനേഷൻ തള്ളിപ്പോയതിനെയും നന്ദകുമാർ പോസ്റ്റിൽ രൂക്ഷമായി വിമർശിക്കുന്നു. ഇ. ശ്രീധരൻ എന്ന മാന്യനെ പോലും അപമാനിക്കാൻ വിടുകയാണ് ബിജെപി നേതൃത്വം. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കണമെന്നും നന്ദകുമാർ പറഞ്ഞു.

അതേസമയം ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ കേരളത്തിൽ ആവർത്തിക്കാൻ ശ്രമിക്കുന്നത് മൗഢ്യമാണെന്ന് മുൻ ബിജെപി പ്രസിഡന്റും ധർമ്മടത്തെ സ്ഥാനാർത്ഥിയുമായിരുന്ന സികെ പത്മനാഭൻ. പിണറായി വിജയന് ലഭിച്ച അംഗീകാരമാണ് തുടർഭരണം. ബിജെപി നേതൃത്വം സ്വയം തിരുത്താൻ തയ്യാറാകണമെന്നും സികെപി ആവശ്യപ്പെട്ടു. കെ. സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മൽസരിച്ചതിനെയും അദ്ദേഹം വിമർശിച്ചു.

തൃപ്പൂണിത്തുറയിൽ കഴിഞ്ഞതവണ ലഭിച്ച വോട്ടുകൾ എവിടെപോയെന്ന് പരിശോധിക്കണമെന്ന് തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർത്ഥി ഡോ. കെ.എസ് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സംഘടനാ സംവിധാനം അമ്പെ പരാജയമായിരുന്നു. ഇപ്പോൾ ലഭിച്ച വോട്ടുകൾ താൻ തെണ്ടിപ്പെറുക്കി ഉണ്ടാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ബിജെപിക്കുള്ളിൽ ഉണ്ടാകാൻ പോകുന്ന പൊട്ടിത്തെറിയുടെ തുടക്കമായാണ് ഈ പ്രതികരണങ്ങളെ രാഷ്ട്രീയനിരീക്ഷകർ കാണുന്നത്.