അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രൂപാണി തന്നെയാണ് രാജിക്കാര്യം അപ്രതീക്ഷിതമായി പ്രഖ്യപിച്ചത്. പിന്നീട് ഗവണറെ കണ്ട് രാജിക്കത്ത് കൈമാറി. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരുവർഷം കൂടി ബാക്കി നിൽക്കേയാണ് വിജയ് രൂപാണി രാജിവെക്കുന്നത്. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ മുഖം മിനുക്കൽ നടപടിയുടെ ഭാഗമായി കൂടിയാണ് രൂപാണിയുടെ രാജിയെന്നാണ് വിലയിരുത്തുന്നത്.

2016 ഓഗസ്റ്റ് മുതൽ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജിയുടെ കാരണം വ്യക്തിമായിട്ടില്ല. ആനന്ദി ബെൻ പട്ടേലിന്റെ പിൻഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. ബിജെപി. സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം അദ്ദേഹം പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. രാജി ഗവർണറെ കണ്ട് കൈമാറിയിട്ടുണ്ട്. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടു. ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തിരിക്കാൻ തനിക്ക് അവസരം നൽകിയ ബിജെപി നേതൃത്വത്തിന് നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം, അപ്രതീക്ഷിതമായി അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ കാരണമെന്താണെന്ന് വ്യക്തമല്ല. പാർട്ടിയിൽ മുഖം മിനക്കൽ നടപടിയുടെ ഭാഗമായാണ് രാജിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

അടുത്തിടെ രാജി സമർപ്പിച്ച നാലാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് വിജയ് രൂപാണി. ജൂലൈ മാസത്തിലാണ് കർണാടകയിലെ രാഷ്ട്രീയ നീക്കങ്ങൾക്കിടെ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജിവെച്ചത്. ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര റാവത്തിനു പകരം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ തിരഥ് സിങ് റാവത്തും അടുത്തിടെ രാജിവെച്ചിരുന്നു.

കോവിഡിനെ നേരിടുന്നതിൽ അടക്കം ഗുജറാത്ത മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന വിമർശനം അടുത്തിടെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിജയ് രൂപാണി പടിയിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. മോദിയെയും അമിത്ഷായെയും സംബന്ധിച്ചിടത്തോളം ഗുജറാത്ത് രാഷ്ട്രീയം വളരെ പ്രിയപ്പെട്ടതാണ്. ഈ പശ്ചാത്തലത്തിൽ അവരുടെ അനിഷ്ടത്തിന് പാത്രമായാകാം രൂപാണി പടിയിറങ്ങുന്നതെന്നും വിലയിരുത്തലുണ്ട്. അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താൻ തിരക്കിട്ട ചർച്ചകൾ ബിജെപി ആസ്ഥാനത്ത് നടക്കുകയാണ്.