മുംബൈ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തക തീസ്ത സെതൽവാദ് അടിസ്ഥാനരഹിതമായ വിവരം നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ് മണിക്കൂറുകൾ പിന്നിട്ടതോടെ ഗുജറാത്ത് പൊലീസ് തീസ്തയെ തേടിയെത്തി. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ്, മുംബൈ ജൂഹുവിലെ വസതിയിൽ ഗുജറാത്ത് പൊലീസ് എത്തിയത്. ഭർത്താവ് ജാവേദ് ആനന്ദാണ് ഇക്കാര്യം അറിയിച്ചത്.

വ്യാജരേഖ ചമച്ചതിന് തീസ്തക്കെതിരെ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചതായും അഹമ്മദാബാദിലേക്ക് കൊണ്ടുപോകാനാണ് പൊലീസ് ശ്രമമെന്നുമാണ് അറിയുന്നത്. താൻ സുപ്രീം കോടതിയുടെ വിധി സൂക്ഷ്മമായി വായിച്ചെന്നും, വിധിയിൽ തീസ്ത സെതൽവാദിന്റെ പേര് പരാമർശിക്കുന്നുണ്ടെന്നും അമിത്ഷാ എഎൻഐയുമായി ഉള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പൊലീസിന് കലാപവുമായി ബന്ധപ്പെട്ട് തീസ്തയുടെ എൻജിഒ തെറ്റായ വിവരങ്ങൾ നൽകിയിരുന്നു എന്നാണ് ഷാ പറഞ്ഞത്. സാക്കിയ ജഫ്രിയുടെ വികാരങ്ങളെ തീസ്ത ചൂഷണം ചെയ്‌തെന്നും ഷാ ആരോപിച്ചു. ' മറ്റാരുടെയോ നിർദ്ദേശപ്രകാരമാണ് സാക്കിയ ജഫ്രി പ്രവർത്തിച്ചതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഒരു എൻജിഒ നിരവധി ഇരകളുടെ സത്യവാങ്മൂലം ഒപ്പിട്ടുമേടിച്ചു. ഇത് തീസ്തയുടെ എൻജിഒ ആണെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രത്തിൽ യുപിഎ സർക്കാർ വന്നപ്പോൾ അവർ ഈ എൻജിഒയെ സഹായിച്ചു', അമിത്ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗുജറാത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എംപി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി ഉന്നയിച്ച ആരോപണങ്ങൾ വെള്ളിയാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. കേസിലെ സഹ ഹർജിക്കാരിയായ തീസ്ത ടീസ്റ്റ സാകിയ ജാഫ്രിയുടെ വികാരം മുതലെടുത്തെന്ന് കോടതി വിധിയിൽ പരാമർശമുണ്ടായിരുന്നു. കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി മോദിയെ ഒഴിവാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ചോദ്യം ചെയ്ത് സാകിയ ജാഫ്രി നൽകിയ ഹർജിയും കോടതി തള്ളിയിരുന്നു.

നീതിയുടെ കാവൽക്കാരെന്ന് അവകാശപ്പെടുന്ന ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട്, രാഹുൽ ശർമ എന്നിവർ പോലും എസ്‌ഐ.ടി.ക്കുമുമ്പാകെ മൊഴിനൽകാനെത്തിയില്ലെന്ന് ഗുജറാത്ത് സർക്കാർ വാദിച്ച കാര്യം ഹർജിയിൽ പറയുന്നുണ്ട്. തുടർന്നാണ് എസി മുറിയിലിരുന്ന് ആരോപണമുന്നയിക്കുന്നതിനെക്കുറിച്ച് കോടതി പരമാർശിച്ചത്. സാക്കിയയുടെ ബുദ്ധിമുട്ടുകളെ തീസ്ത ചൂഷണം ചെയ്യുകയാണെന്ന് ഗുജറാത്ത് സർക്കാർ വാദിച്ചു. കഴിഞ്ഞ 20 വർഷമായി ഗുജറാത്തിനെ അപമാനിക്കാൻ തീസ്ത സെതൽവാദ് ഗൂഢാലോചന നടത്തിവരികയാണെന്നാണ് വാദം.