അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തും നിന്നും വിജയ് രൂപാണി സ്ഥാനം ഒഴിയുമ്പോൾ ഗുജറാത്തിൽ മോദിക്ക് ശേഷം തിളക്കമുള്ള മുഖ്യമന്ത്രി ഇല്ലെന്ന അവസ്ഥയാണ് വ്യക്തമാകുന്നത്. സംസ്ഥാനത്ത് അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആരായിരിക്കും പാർട്ടിയെ നയിക്കാൻ എത്തുകയെന്നതാണ് ചോദ്യം രൂപാണി പടിയിറങ്ങിയതോടെ ഉയർന്നു കഴിഞ്ഞു. നിരവധി നേതാക്കളുടെ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് മുതൽ ശക്തികേന്ദ്രമായ ഗുജറാത്തിൽ ബിജെപിക്ക് ഒരു ശക്തമായ മുഖമില്ലെന്നതാണ് വസ്തുത. ഏഴു വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരാണ് ഗുജറാത്തിൽ നിന്നും ഉണ്ടായത്.

കേശുഭായ് പട്ടേൽ രാജിവെച്ചതിനെ തുടർന്ന് 2001ൽ ആണ് ആദ്യമായി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. പിന്നീട് 2002, 2007, 2012 വർഷങ്ങളിൽ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് മോദി മൂന്ന് തവണ കൂടി ഗുജറാത്ത് മുഖ്യമന്ത്രിയായി. 2014ൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതോടെയാണ് 13 വർഷത്തിന് ശേഷം പുതിയൊരു മുഖ്യമന്ത്രി എത്തിയത്. ആനന്ദി ബെൻ പട്ടേലാണ് മോദിയുടെ പിൻഗാമിയായി സ്ഥാനമേറ്റത്.

2017ൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വിജയ് രൂപാണിയെ ആനന്ദി ബെൻ പട്ടേലിന് പകരം മുഖ്യമന്ത്രിയാക്കിയിട്ടും ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് കോൺഗ്രസ് സഖ്യം നടത്തിയത്. 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയ സംസ്ഥാനത്ത് മൂന്ന് വർഷത്തിന് ശേഷം ആകെ 182 സീറ്റുകളിൽ 99 എണ്ണം ബിജെപി നേടിയപ്പോൾ കോൺഗ്രസ് സഖ്യം 77 സീറ്റുകൾ നേടി.

മോദി -അമിത് ഷാ സഖ്യത്തിന്റെ തട്ടകത്തിൽ ജനപിന്തുണയിലെ ഇടിവിന് കാരണം മോദിക്ക് ശേഷം നല്ലൊരു നേതാവില്ലാത്തതാണെന്ന് പാർട്ടി നേതൃത്വം വിലയിരുത്തി. പട്ടേൽ വിഭാഗത്തിന്റെ പ്രതിഷേധങ്ങളും സീറ്റ് കുറഞ്ഞതിന് കാരണമായി. മറ്റൊരു തിരഞ്ഞെടുപ്പിന് സംസ്ഥാനം തയ്യാറെടുക്കവേ ഉയർത്തിക്കാണിക്കാൻ ഒരു മുഖമില്ലാത്തത് പാർട്ടിയെ ചെറുതായിട്ടൊന്നുമല്ല വലയ്ക്കുന്നത്. ഗുജറാത്ത് മോഡൽ വികസനം കൊട്ടിഘോഷിച്ച് രാജ്യം മുഴുവൻ ബിജെപി തരംഗം സൃഷ്ടിക്കുമ്പോഴും മോദിയുടെ സ്വന്തം തട്ടകത്തിൽ ഒരു നേതാവിനെ വളർത്തിയെടുക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.

ഗുജറാത്തിൽ മോദി ജനകീയനായ നേതാവാണ്, കാർക്കശ്യക്കാരനായ ഭരണാധികാരിയാണ്. മോദിയെപ്പോലെ ഒരു നേതാവിനെ ലഭിച്ചില്ലെങ്കിലും സംസ്ഥാനത്ത് ബിജെപിയുടെ കരുത്ത് ചോരാതിരിക്കാൻ ഒരു പുതിയ നേതാവിനെ പാർട്ടിക്ക് അത്യാവശ്യമാണ്. നിരവധി സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ മികച്ച മുന്നേറ്റമുണ്ടാക്കണമെങ്കിൽ മുഖം മിനുക്കൽ അനിവാര്യമാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റേയും വിലയിരുത്തൽ.

തിരഞ്ഞെടുപ്പിനു മുൻപു മുഖ്യമന്ത്രിയെ മാറ്റുകയെന്ന ഇപ്പോഴത്തെ രീതി 2014-19 ൽ ബിജെപി ഗുജറാത്തിൽ പരീക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പിന് 16 മാസം ബാക്കിയുള്ളപ്പോഴാണ് 2016 ഓഗസ്റ്റിൽ ആനന്ദിബെൻ പട്ടേലിനെ 75 വയസ്സായെന്ന കാരണം പറഞ്ഞു മാറ്റുന്നത്. ശരിക്കും അന്ന് ആനന്ദിബെന്നിന് 75 തികയാൻ 3 മാസത്തിലേറെ ബാക്കിയുണ്ടായിരുന്നു. പകരം നിതിൻ പട്ടേൽ മുഖ്യമന്ത്രിയാവട്ടെയെന്നു മോദി താൽപര്യപ്പെട്ടു. വിജയ് രുപാണി മതിയെന്നതു അമിത് ഷായുടെ താൽപര്യമായിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ഭൂരിപക്ഷം കുറഞ്ഞു. എങ്കിലും മുഖ്യമന്ത്രിയായി രുപാണി തന്നെ തുടർന്നു. പക്ഷേ, സംസ്ഥാന ഭരണത്തിന്റെ നിയന്ത്രണച്ചരടു ഡൽഹിയിലായിരുന്നു. മതപരിവർത്തന നിരോധനം, ഗോവധ നിരോധനം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനസർക്കാരിന്റെ ഊർജിത നിയമനിർമ്മാണ നടപടികളുമുണ്ടായി.

മാദിയുടെ വിശ്വസ്തനായ സി.ആർ.പാട്ടീൽ ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് കഴിഞ്ഞ വർഷം ജുലൈയിലാണ്. ലോക്‌സഭാംഗമായ പാട്ടീലിനാണു വർഷങ്ങളായി മോദിയുടെ വാരാണസി മണ്ഡലത്തിന്റെ മേൽനോട്ടച്ചുമതല. മഹാരാഷ്ട്രയിലെ ജൽഗാവിൽ ജനിച്ച പാട്ടീൽ, ഗുജറാത്തിൽ പാർട്ടിയുടെ സംസ്ഥാന നേതൃനിരയിൽ കാര്യമായ അഴിച്ചുപണി നടത്തി. ഷാ വിചാരിക്കും പോലെ അവിടെ കാര്യങ്ങൾ നടക്കാത്ത സ്ഥിതിയായി; രുപാണിയുടെ ശബ്ദം താഴ്ന്നു. കഴിഞ്ഞയാഴ്ച ബിജെപിയുടെ സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുത്തതു ഷായല്ല, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് എന്നതിൽ ഷാ-മോദി ചേരിയൽ അസ്വസ്ഥതയുണ്ടെന്ന സൂചനകൾ വ്യക്തമാകുന്നുണ്ട്.

ഗുജറാത്തിലെ പ്രബലമായ പട്ടേൽ വിഭാഗം അവഗണിക്കപ്പെടുന്നുവെന്ന പരാതി അടുത്ത തിരഞ്ഞെടുപ്പിനു മുൻപു പരിഹരിക്കാൻ മോദി നടത്തുന്ന ശ്രമങ്ങളുടെ കൂടി ഭാഗമാണ് ഇപ്പോഴത്തെ മാറ്റം. നേരത്തെ കോൺഗ്രസിനെ പിന്തുണച്ചിരുന്ന ഈ വിഭാഗത്തിന്റെ ചുവടുമാറ്റമാണു ബിജെപിയെ സംസ്ഥാനത്തു വലിയ തോതിൽ സഹായിച്ചിട്ടുള്ളത്. എന്നാൽ, ബിജെപി തങ്ങളെ അവഗണിക്കുന്നുവെന്ന് ഇവർ പരാതിപ്പെടുന്ന സാഹചര്യമായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപു ഗുജറാത്ത് മന്ത്രിസഭ അഴിച്ചുപണിയിലും അടുത്തിടെ കേന്ദ്ര മന്ത്രിസഭാ വികസനത്തിലും പട്ടേൽ വിഭാഗത്തിന് വലിയ പരിഗണന നൽകിയിട്ടുണ്ട്. ഇന്നലെത്തന്നെ, രാജിക്കുമുൻപു രുപാണി പങ്കെടുത്ത ചടങ്ങിൽ പട്ടേൽ വിഭാഗക്കാരുടെ സർദാർ ധാം ഭവന്റെ ഭൂമി പൂജ മോദി നിർവഹിച്ചു.

ഉത്തരാഖണ്ഡിൽ ചെയ്തതുപോലെ, ഗുജറാത്തിലും തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രിയെ മാറ്റുമ്പോൾ, മോദിയുടെ മാത്രം പ്രതിഛായയിൽ തിരഞ്ഞെടുപ്പു ജയിക്കുന്ന കാലം കഴിഞ്ഞെന്നു വീണ്ടും ബിജെപി സമ്മതിക്കുകയാണ്; സംസ്ഥാന ഘടകങ്ങളിൽ മുഖ്യമന്ത്രിക്കെതിരെയുണ്ടാകുന്ന എതിർപ്പ് അവഗണിച്ച് താൽപര്യങ്ങൾ അടിച്ചേൽപിക്കുകയെന്ന രീതിയിലും മാറ്റമുണ്ട്. അടുത്ത വർഷം തിരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളിൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിമത പക്ഷത്തെ അതിജീവിക്കാൻ സാധിച്ചിട്ടുണ്ട്.

രുപാണിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടിയുണ്ടാകുമെന്ന് ചില സർവേകളിൽ വ്യക്തമായെന്നു ബിജെപി സൂചിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ പരാജയമെന്നതാണു പ്രധാന കാരണമെങ്കിൽ, മറ്റു ബിജെപി സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന്റെ കാര്യത്തിലും അതേ പ്രശ്‌നമില്ലേയെന്ന ചോദ്യമുന്നയിക്കുന്നവരുമുണ്ട്.

രുപാണിയുടെ നേതൃത്വത്തിൽ 2017 ഡിസംബറിൽ നിയമസഭാ തിരഞ്ഞെടുപ്പു നേരിട്ട ബിജെപി 182ൽ 99 സീറ്റ് നേടി, കോൺഗ്രസ് 77 സീറ്റും. 2012ൽ 115 സീറ്റ് ലഭിച്ച ബിജെപിക്ക് പട്ടേൽ വിഭാഗത്തിന്റെ അകൽച്ച കാരണം സീറ്റ് കുറഞ്ഞെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, കഴിഞ്ഞ മാർച്ചിൽ പഞ്ചായത്ത്്, മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മികച്ച വിജയമുണ്ടായി.

മറുവശത്ത് 2017ൽ സ്ഥിതി മെച്ചപ്പെടുത്തി 41.4% വോട്ട് നേടിയ കോൺഗ്രസ് ഇപ്പോൾ കുത്തഴിഞ്ഞ സ്ഥിതിയിലാണ്. കഴിഞ്ഞ മാർച്ചിൽ പ്രതിപക്ഷ നേതാവും പിസിസി അധ്യക്ഷനും രാജിവച്ചു. പകരക്കാരെ കണ്ടെത്താൻ കോൺഗ്രസിനു സാധിച്ചിട്ടില്ല. പിസിസി വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ ആം ആദ്മി പാർട്ടിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. എന്നാൽ, അതു സംഭവിക്കാനുള്ള സാധ്യതയും അങ്ങനെ സംഭവിച്ചാൽ തങ്ങൾക്കു ദോഷമെന്നതും ബിജെപി കണക്കിലെടുക്കുന്നുമുണ്ട്.