കോട്ടയം: ജില്ലയിലെ ​ഗുണ്ടാ സംഘങ്ങൾക്ക് താങ്ങും തണലുമാകുന്നത് ബ്ലേഡ് മാഫിയയും ലഹരി മാഫിയയും. പല ബ്ലേഡ് ഇടപാടുകാരുടെയും ബിനാമികളായി പ്രവർത്തിക്കുന്നത് കുപ്രസിദ്ധ ​ഗുണ്ടകളാണ്. കമ്മീഷൻ വ്യവസ്ഥ മുതൽ ഓരോ ഇടപാടിനും പറഞ്ഞുറപ്പിക്കുന്ന വൻ തുകകൾ വരെയുള്ള ഇടപാടുകളാണ് ​ഗുണ്ടകളും ബ്ലേഡ് മാഫിയയും തമ്മിൽ നടത്തുന്നത്. പലിശപ്പണം പിരിക്കാനും മുതൽ തിരിച്ചു വാങ്ങാനുമായി കൗമാരക്കാരായ ​ഗുണ്ടകൾ വരെ സജീവമാണ്.

വാഹനം പണയപ്പെടുത്തി പണം പലിശയ്ക്കെടുക്കുന്നവരുടെ മുതലും പലിശയും ഒപ്പം വാഹനവും തന്നെ തട്ടിയെടുക്കുന്നതാണു പല ബ്ലേഡ് സംഘങ്ങളുടെയും രീതി. മുതലും പലിശയും അടച്ചുതീർത്തതിനു ശേഷം വാഹനത്തിന്റെ ആർസി ബുക്ക് തിരികെ വാങ്ങാൻ എത്തുന്ന ഉടമയെ മർദിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തതിനു ശേഷം വാഹനം ഇതര ജില്ലകളിലെത്തിച്ചു മറിച്ചുവിൽക്കുകയാണു രീതി. ഇത്തരം സംഭവങ്ങൾക്കെതിരെ പരാതി നൽകാൻ ആളുകൾ മടിക്കുന്നതിനാൽ പലപ്പോഴും പൊലീസും നിസ്സഹായരാണ്.

ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായമുള്ള കോട്ടയം ജില്ലയിലെ പ്രമുഖ ഗുണ്ടയുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചപ്പോൾ ഞെട്ടിയതു പൊലീസാണ്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ പല അക്കൗണ്ടുകളിൽ നിന്നായി ലക്ഷക്കണക്കിനു രൂപയാണ് അക്കൗണ്ടിൽ എത്തിയിരുന്നത്. തുകയിൽ നല്ലൊരു ശതമാനം മറ്റ് അക്കൗണ്ടുകളിലേക്കു കൈമാറ്റം ചെയ്തിട്ടുണ്ട്. ഏറ്റുമാനൂർ– കുറവിലങ്ങാട് മേഖലകൾ കേന്ദ്രീകരിച്ചുള്ള പല ബ്ലേഡ് മാഫിയ സംഘത്തലവന്മാരുടെയും ബിനാമിയും ഇടനിലക്കാരനും ഇയാളാണെന്നു വിശദമായ അന്വേഷണത്തിൽ ബോധ്യമായി.

ബ്ലേഡ് മാഫിയ സംരക്ഷിക്കുന്ന ചെറുസംഘങ്ങൾ പച്ച പിടിക്കുന്നതോടെ മേഖലകളിലേക്കു കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും വ്യാപക തോതിൽ എത്തുന്നു. ഇത്തരം സംഘങ്ങളിൽ പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികൾ സ്കൂളുകൾ കേന്ദ്രീകരിച്ചു പോലും കഞ്ചാവ് ഇടപാടുകൾ നടത്തുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ലഹരി ഉൽപന്നങ്ങളുടെ ചുവടു പിടിച്ചു തുടങ്ങുന്ന ചങ്ങാത്തമാണു പല കൗമാരക്കാരെയും ഗുണ്ടാസംഘത്തിൽ എത്തിക്കുന്നത്.