കോട്ടയം: അർദ്ധരാത്രിയിൽ കുഴിയിലേയ്ക്കു മറിഞ്ഞ കാർ കരയ്ക്കു കയറ്റാൻ സഹായിച്ചവരെ മദ്യപസംഘം മർദിച്ചു. ആക്രമണം തടയാൻ ഇടപെട്ട പൊലീസുകാരെയും സംഘം കയ്യേറ്റം ചെയ്തു. സംഭവത്തിൽ പ്രതികളായ മൂന്നു പേരെ അറസ്റ്റ് ചെയ്തു. യൂണിയൻ ബാങ്ക് ജീവനക്കാരനും അയ്മനം പാണ്ഡവം വൈശാഖം വീട്ടിൽ ആനന്ദ് കൃഷ്ണ, ഇയാളുടെ സഹോദരനും മൊബൈൽ കോടതി ജീവനക്കാരനുമായ അരുൺ കൃഷ്ണ, മുണ്ടക്കയം പഴയ മണിക്കൽ ഹേമന്ദ് ചന്ദ്ര എന്നിവരാണ് അറസ്റ്റിലായത്.

കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ, ഡ്രൈവർ ജോൺ എന്നിവരെയാണ് അക്രമി സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ഇത് തടയാനെത്തിയ കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസറെയും ഡ്രൈവറെയും അക്രമി സംഘം കയ്യേറ്റം ചെയ്യുകയും, ഡ്രൈവറെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.

വോട്ടിംങ് കഴിഞ്ഞ ശേഷം രാത്രി 12 മണിയോടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥയുടെ കാർ ചാലുന്നിനു സമീപത്തു വച്ച് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട കാർ റോഡരികിലെ കുഴിയിലേയ്ക്കു മറിയുകയായിരുന്നു. ഈ സമയം ഈ റോഡരികിൽ നിന്ന ആനന്ദും, അരുണും, ഹേമന്ദും കാർ കുഴിയിൽ നിന്നും കരയ്ക്കു കയറ്റാൻ എത്തി. മദ്യലഹരിയിലായിരുന്ന മൂന്നു പേരും ഇതിനു ശ്രമിച്ചെങ്കിലും സാധിച്ചില്ല.