പരവൂർ: പരവൂരിൽ യുവാക്കളെ ആക്രമിച്ചു കൊലുപ്പെടുത്താൻ തുടങ്ങിയ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ കോലോത്ത് പറമ്പിൽ മുഹാസീർ (29), കുണ്ടറ ചരുവിള പുത്തൻ വീട്ടിൽ സുരേഷ്ബാബു (51), പരവൂർ കൂനയിൽ പുത്തൻവിള വീട്ടിൽ രഞ്ചിത്ത് (34) എന്നിവരാണ് പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തു.

ഹോട്ടൽ വ്യാപാരത്തിലെ കുടിപ്പകയാണ് സംഘർഷത്തിന് ആധാരം. ഹോട്ടൽ വ്യാപാരം നടത്തുന്ന പ്രവീൺ എന്ന യുവാവും സുഹൃത്തുമാണ് അക്രമത്തിനിരയായത്. പരവൂരിലെ സ്വകാര്യ ബാറിൽ ജീവനക്കാരനായിരുന്ന പ്രവീൺ ബാറിലെ ജോലി മതിയാക്കി ബാറിന് സമീപത്തായി ഹോട്ടൽ തുടങ്ങിയതിലുള്ള വിരോധമാണ് വധശ്രമത്തിൽ എത്തിയത്. ഹോട്ടലിലെ കച്ചവടം ബാറിലെ ബിസിനസിനെ ബാധിച്ച വിരോധത്തിലാണ് പ്രതികൾ പ്രവീണിനെ ആക്രമിച്ചത്. ഹോട്ടൽ ബിസിനസുമായി ബന്ധപ്പെട്ട് മുൻപും പലപ്പോഴും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം മൊബൈൽ റിപ്പയർ ചെയ്യുന്നതിന് പരവൂർ റെയിൽവെ സ്റ്റേഷൻ റോഡിലുള്ള കടയിലെത്തിയ പ്രവീണിനെ പിന്തുടർന്നെത്തിയ സംഘം വാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തിനേയും ഇവർ ആക്രമിച്ചു. ഇവർ വന്ന കാറും അക്രമികൾ തല്ലി തകർത്തു.

പരവൂരിന് പുറമെ പാരിപ്പള്ളി, ചാത്തന്നൂർ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി ഇൻസ്‌പെക്ടർ എ. അൽജബർ, ചാത്തന്നൂർ ഇൻസ്‌പെക്ടർ ജസ്റ്റിൻ ജോൺ, പരവൂർ ഇൻസ്‌പെക്ടർ എ. നിസാർ, സബ് ഇൻസ്‌പെക്ടർ നിതിൻ നളൻ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ ഗോപകുമാർ എ., എഎസ്ഐമാരായ പ്രമോദ്, സുരേഷ്, എസ്.സി.പി.ഒ മാരായ മനോജ് നാഥ്, സായിറാം സി.പി.ഓമാരായ ജയപ്രകാശ്, മനോജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.