ലണ്ടൻ: പട്ടാപകൽ ഒരു ബാങ്കും ഒരു ചൂതാട്ടകമ്പനിയും കൊള്ളയടിച്ച് മുതലുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു തോക്കുധാരി പൊലീസിന്റെ വെടിയേറ്റ് മരിച്ചു. കെൻസിങ്ടണിലെ തിരക്കേറിയ തെരുവിലായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. തോക്കുധാരിയായ ഒരു വ്യക്തി ഒരു ബാങ്കിലും ഒരു ചൂതാട്ട കെന്ദ്രത്തിലും കയറി എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് കെൻസിങ്ടൺ ഗാർഡന് സമീപമെത്തുകയായിരുന്നു. ശനിയാഴ്‌ച്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം.

പൊലീസ് എത്തിയപ്പോഴേക്കും കള്ളൻ കൊള്ളമുതലുമായി കടന്നുകളഞ്ഞു. പിന്തുടർന്ന പൊലീസ് 3.19 ന് പാലസ് ഗെയ്റ്റിന് സമീപം കള്ളൻ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾക്ക് വെടിയേറ്റത്. ഉടൻ സംഭവസ്ഥലത്തെത്തിയ പാരാമെഡിക്സ് ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും 4 മണിയോടെ ഇയാൾ മരണമടഞ്ഞു. മരണമടഞ്ഞ വ്യക്തിയാണ് തോക്കുമായി ബാങ്ക് കൊള്ളയടിച്ചതെന്നും പൊലീസിന്റെ വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും വിശ്വസിക്കുന്നു.

ഇയാൾ ആരെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അത് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. മൂന്ന് തവണ വെടിയൊച്ച കേട്ടതായും പാരാമെഡിക്സ് പ്രഥമശുശ്രൂഷ നൽകുന്നത് കണ്ടതായും ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസിന്റെ ഹെലികോപ്റ്ററും സംഭവസ്ഥലത്തിനു ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. ഇത് ഒരു തീവ്രവാദ പ്രവർത്തനത്തിന്റെ ഭാഗമല്ലെന്ന് പൊലീസ് വ്യക്തമാക്കി. മാത്രമല്ല, ഈ ഭാഗത്ത് റോഡ് അടച്ചിടുന്നതിനാൽ ആ വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ പൊലീസിന്റെ പങ്കിനെ കുറിച്ച് വിശദമായി അന്വേഷിക്കുവാൻ ഇൻഡിപെൻഡന്റ് ഓഫീസിനെൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെൻസിങ്ടൺ റോഡ്-പാലസ് ഗേയ്റ്റ് ജംഗ്ഷനിൽ നടന്ന ഒരു സംഭവത്തിൽ പൊലീസ് പ്രതികരിക്കുകയായിരുന്നു എന്ന് കെൻസിങ്ടൺ-ചെൽസിയ പൊലീസ് വ്യക്തമാക്കി. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ, സ്ഥലം, അന്വേഷണാവശ്യത്തിനായി അടച്ചിരിക്കുന്നതിനാൽ അതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.