ബംഗളൂരു: മുൻപ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയ്ക്കും ഭാര്യ ചെന്നമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം ദേവഗൗഡ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനും ഭാര്യയും കുടുംബവും വീട്ടിൽ നീരിക്ഷണത്തിലാണെന്നും ദേവഗൗഡ പറഞ്ഞു.

കഴിഞ്ഞ ദിവസം കുടുംബവുമായി ബന്ധപ്പെട്ടവർ കോവിഡ് പരിശോധന നടത്തണമെന്നും പരിഭ്രാന്തരരാവേണ്ടതില്ലെന്നും 87കാരനായ ഗൗഡ ട്വിറ്ററിൽ കുറിച്ചു. കർണാടകയിൽ ഇന്നലെ 2975 പേർക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. 21 പേർ മരിച്ചു. ഈ വർഷത്തെ സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിദിനവർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ബംഗളൂരുവിലാണ് സംസ്ഥാനത്തെ 70 ശതമാനം രോഗികളും. നിലവിൽ 25,541 സജീവകേസുകളാണ് കർണാടകയിലുള്ളത്.

രാജ്യത്ത് എട്ടുസംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്ര. ചത്തീസ്ഗഢ്, കർണാടക, കേരള, തമിഴ്‌നാട്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവയാണവ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 41,280 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി.354 പേർ മരിച്ചു. ഇതോടെ ആകെ മരണം 1,62,468 ആയി.