ലണ്ടൻ: കൊട്ടാരകലാപത്തിന് ചൂടുപിടിക്കുകയാണ്. അന്തപ്പുരങ്ങൾക്കുള്ളിൽ നിന്നും അങ്ങാടിത്തെരുവിലേക്ക് എടുത്തെറിയപ്പെടുകയാണ് ഒരു കുടുംബവഴക്ക്. രാജകൊട്ടാരത്തിനുള്ളിൽ താൻ അപമാനിക്കപ്പെടുകയായിരുന്നു എന്ന മേഗന്റെ വാദത്തിന് അതേ നാണയത്തിൽ ഉത്തരം നൽകാൻ ഇപ്പോൾ ബക്കിങ്ഹാം പാലസ് ഉപയോഗിക്കുന്നത് മേഗന്റെ കൈയിൽ നിന്നും ലഭിച്ച അപമാനം സഹിക്കാതെ രണ്ട് പേഴ്സണൽ അസിസ്റ്റന്റുമാർ കൊട്ടാരത്തിലെ ജോലി വിട്ടെറിഞ്ഞു പോയതായി വ്യക്തമാക്കുന്ന ഈമെയിൽ സന്ദേശം.

ഈ സന്ദേശങ്ങളിൽ പരാമർശിച്ചിട്ടുള്ള രണ്ട് രാജകൊട്ടാരം ജീവനക്കാർ ജോലി ഉപേക്ഷിക്കാനിടയായ സാഹചര്യത്തെക്കുറിച്ചന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് രാജ്ഞി. ഇതാദ്യമായാണ് ഒരു രാജകുടുംബാംഗത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത്. മേഗന്റെ ഇരവാദം പൊളിക്കാൻ തന്നെയാണ് ഇത്തരത്തിലുള്ള ഒരു അന്വേഷണം എന്നാണ് കൊട്ടാരവുമായി അടുത്ത വൃത്തങ്ങൾ കരുതുന്നത്. എന്നാൽ, ഇത് പല്ലിടകുത്തി മണപ്പിക്കുന്ന കാര്യമായിപ്പോയി എന്ന് വിശ്വസിക്കുന്നവരും കുറവല്ല.

രാജ്ഞിക്ക് തന്റെ കൊച്ചുമകനോടുള്ള വാത്സല്യം ഏതാണ്ട് അവസാനിക്കുന്നു എന്നതിന്റെ സൂചനയായി ചിലർ ഇതിനെ വിലയിരുത്തുമ്പോഴും, ഹാരിയുടെയും മേഗന്റെയും വെളിപ്പെടുത്തലുകൾ മാത്രമല്ല, നിയമനടപടികൾ നേരിടേണ്ടി വന്നേക്കാമെന്ന ആശങ്കയുമാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു അന്വേഷണം പ്രഖ്യാപിച്ചതിന്റെ പുറകിൽ എന്ന് കരുതുന്നവരും ഏറെയാണ്. തൊഴിലിടത്തെ പീഡനങ്ങൾക്കെതിരെ തൊഴിലാളികൾ പരാതി നൽകിയാൽ അതിൽ ഉചിതമായ നടപടികൾ എടുക്കുവാൻ തൊഴിലുടമയ്ക്ക് ബാദ്ധ്യതയുണ്ട്. അത് ചെയ്തില്ലെങ്കിൽ നിയമനടപടികൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

മേഗനെതിരെ പരാതിക്കത്തെഴുതിയ ജാസൺ നൗഫ് ഇപ്പോൾ വില്യം രാജകുമാരന്റെ വലംകൈ ആണെന്നത് വില്യമും ഹാരിയും തമ്മിലുള്ള ശത്രുതയുടെ ആഴം വ്യക്തമാക്കിത്തരുന്നു. രണ്ടു വർഷക്കാലത്തിലേറെയായി വില്യമിനൊപ്പം പ്രവർത്തിക്കുന്ന നൗഫ് നിലവിൽ കേംബ്രിഡ്ജ് റോയൽ ഫൗണ്ടേഷന്റെ ചീഫ് എക്സിക്യുട്ടീവ് ആണ്. മേഗന്റെ വൈകാരിക ക്രൂരതയെ കുറിച്ചും അപമാനിക്കലുകളെ കുറിച്ചും പരാമർശിച്ചിട്ടുള്ള ഈ മെയിലുകളിൽ ഒന്ന് നൗഫിന്റെതാണ്. മാത്രമല്ല, എന്തും വിളിച്ചു പറഞ്ഞ് മുന്നോട്ട് പോകാനാണ് ഹാരിയും മേഗനും തീരുമാനിച്ചിട്ടുള്ളതെങ്കിൽ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കുമെന്ന് അവരെ ഓർമ്മിപ്പിക്കുക കൂടിയാണ് ഈ അന്വേഷണത്തിലൂടെ.

ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണവുമായി രാജകുടുംബാംഗങ്ങൾക്ക് നേരിട്ട് ബന്ധമില്ലെന്നും, ഔദ്യോഗിക പ്രക്രിയകളുടെ ഭാഗമാണെന്നുമാണ് ചില കൊട്ടാരം വൃത്തങ്ങൾ അവകാശപ്പെടുന്നത്. എന്നിരുന്നാലും ഇത് പ്രതികാര നടപടികളുടേ ഭാഗമായിട്ടാണ് മിക്കവരും കാണുന്നത്, ഒപ്പം ഒരു മുന്നറിയിപ്പായിര്ര്റും. രണ്ട് വനിതാ ജീവനക്കാർക്ക് മേഗന്റെ കൈയിൽ നിന്നും ഏൽക്കേണ്ടി വന്ന അപമാനത്തെ കുറിച്ചും ഈമെയിലിൽ പറയുന്നുണ്ട്. രണ്ട് യുവതികളും അപമാനം സഹിക്കാതെ പൊട്ടിക്കരഞ്ഞു എന്നാണ് അതിൽ പറയുന്നത്.

ഈ രണ്ടു പരാതികൾ പുറത്തായതോടെ മേഗന്റെ കൂടുതൽ പ്രവർത്തികളും പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്. ഹാരിയും മേഗനും ഒരുമിച്ച് ആദ്യമായി വിദേശയാത്ര നടത്തിയ 2018-ൽ അന്ന് അവർക്ക് താമസിക്കാൻ ഒരുക്കിയ ആസ്ട്രേലിയയുടെ ഗവർണർ ജനറൽ ഹൗസിലും ചില പ്രശ്നങ്ങൾ ഉണ്ടായതായി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നു. എന്നും ജീവനക്കാരെ ബഹുമാനിക്കാൻ മാത്രം പുതിയ തലമുറയെ പഠിപ്പിക്കുന്ന കൊട്ടാരത്തിലെ യുവരാജാവിന് പക്ഷെ, തന്റെ ഭാര്യയുടെ ഈ സ്വഭാവ രീതിയുമായി എങ്ങനെ ഒത്തുപോകാൻ സാധിക്കുന്നു എന്നാണ് എല്ലാവരും അദ്ഭുതപ്പെടുന്നത്.

ഗവർണർ ജനറൽ ഹൗസിലെ ജീവനക്കാരുമായി നടന്ന പ്രശ്നങ്ങൾ വില്യമിന്റെ ചെവിയിലും എത്തിയിരുന്നു. എന്തൊക്കെയൊ ചിലത് സംഭവിച്ചു എന്ന് ഹാരി ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് മേഗനെ പിന്തുണയ്ക്കുകയായിരുന്നു. സഹോദരന്മാർക്കിടയിൽ വിടവുണ്ടാകാൻ ഇത് കാരണമായതായാണ് ചിലർ വിശ്വസിക്കുന്നത്. എന്നും കൊട്ടാരത്തിന്റെ പാരമ്പര്യത്തേയും മാമൂലുകളേയും കൈവിടാതെ പിന്തുടരുന്ന വില്യമിന് മേഗന്റെ ജീവനക്കാരോടുള്ള പരുക്കൻ പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

അതേസമയം, മേഗൻ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. തന്നെ സമൂഹമധ്യത്തിൽ അപമാനിക്കാൻ കെട്ടിച്ചമച്ചതാണ് ഇതെന്നാണ് അവരുടെ ആരോപണം.