റിയാദ്: ഈ വർഷത്തെ ഹജ്ജിന് ബുക്ക് ചെയ്തത് റദ്ദാക്കാൻ സ്വീകരിക്കേണ്ട നടപടികൾ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. പണമടച്ച ശേഷം ഹജ്ജ് പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനു മുമ്പായി ബുക്കിങ് റദ്ദാക്കാൻ ഇ-ട്രാക്കിൽ പ്രവേശിച്ച് ആദ്യ പേജിലെ മെയിൻ ലിസ്റ്റിൽ നിന്ന് ബുക്കിങ് റദ്ദാക്കൽ ഐക്കൺ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. തുടർന്ന് ബുക്കിങ് നമ്പറോ തിരിച്ചറിയൽ കാർഡ്, ഇഖാമ നമ്പറുകളോ നൽകണം. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ നൽകുകയാണ് മൂന്നാമത്തെ നടപടി.

ഇതോടെ ബുക്കിങ് വിശദാംശങ്ങൾ പ്രത്യക്ഷപ്പെടും. ബുക്കിങ് റദ്ദാക്കൽ ഐക്കൺ വഴി ബുക്കിങ് പൂർണമായോ കൂട്ടത്തിൽപെട്ട ഒരാളെ മാത്രമായോ റദ്ദാക്കാൻ സാധിക്കും. പണമടച്ച് ഹജ്ജ് പെർമിറ്റ് ഇഷ്യു ചെയ്ത ശേഷം ബുക്കിങ് റദ്ദാക്കാൻ അഞ്ചു നടപടികൾ പൂർത്തിയാക്കണം. ഇ-ട്രാക്കിൽ പ്രവേശിച്ച് ഖിദ്മാത്തീ ഐക്കണിൽ നിന്ന് അബ്ശിർ പ്ലാറ്റ്ഫോമിലൂടെയുള്ള പെർമിറ്റ് റദ്ദാക്കൽ സേവനം തെരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. ഇതോടെ ആദ്യ പേജിലെ മെയിൻ ലിസ്റ്റിൽ ബുക്കിങ് റദ്ദാക്കൽ ഐക്കൺ കാണാൻ കഴിയും.

ശേഷം ബുക്കിങ് നമ്പറോ തിരിച്ചറിയൽ കാർഡ്, ഇഖാമ നമ്പറുകളോ നൽകണം. ഇതോടെ മൊബൈൽ ഫോണിൽ ഒ.ടി.പി നമ്പർ ലഭിക്കും. ഈ നമ്പർ നൽകുന്നതോടെ ബുക്കിങ് വിശദാംശങ്ങൾ പ്രത്യക്ഷപ്പെടുകയും ബുക്കിങ് റദ്ദാക്കൽ ഐക്കൺ വഴി ബുക്കിങ് പൂർണമായോ കൂട്ടത്തിൽപെട്ട ഒരാളെ മാത്രമായോ റദ്ദാക്കാൻ സാധിക്കുമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.