ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന മലയാളി സാമൂഹിക പ്രവർത്തനും ഡൽഹി സർവകലാശാലാ അദ്ധ്യാപകനുമായ ഹാനി ബാബുവിന് ബ്ലാക് ഫംഗസ് രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയ്ക്ക് അനുമതി നൽകി ബോംബെ ഹൈക്കോടതി. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. രോഗത്തിന് അടിയന്തിരമായി ചികിത്സ നൽകണമെന്ന കുടുംബത്തിന്റെ ആവശ്യം ബോംബെ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

കോവിഡ് ബാധിതർക്ക് വരുന്ന അപൂർവ രോഗമാണ് ബ്ലാക്ക് ഫംഗസ്. ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് രോഗമാണെന്നും അടിയന്തര ചികിത്സ ആവശ്യമാണെന്നും കാട്ടി ഇന്നലെ കുടുംബം നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

നിലവിൽ സർക്കാർ ആശുപത്രിയിൽ കോവിഡ് ചികിത്സയിലാണ് ഹാനി ബാബുവുള്ളത്. ഇദ്ദേഹത്തിന്റെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടമായതുപോലെയുള്ള അവസ്ഥയാണെന്നും വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും ഹാനി ബാബുവിന്റെ ഭാര്യ പ്രൊഫ. ജെന്നി റൊവീന ആവശ്യപ്പെട്ടിരുന്നു.

്മെയ് മൂന്ന് മുതൽ ഇടത് കണ്ണിന് തീവ്ര അണുബാധയുണ്ട്. തീവ്ര വേദന മൂലം ഉറങ്ങാൻ കഴിയുന്നില്ല. ജയലിൽ ആവശ്യത്തിനു വെള്ളമില്ലാത്തതിനാൽ കണ്ണ് വൃത്തിയാക്കാൻ കഴിയുന്നില്ലെന്നും കുടുംബം ഇറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. ഒരു പ്രാവിശ്യം ചികിത്സ ലഭിച്ചെങ്കിലും ഒപ്പം പോവാൻ ഉദ്യോഗസ്ഥനില്ലെന്ന് പറഞ്ഞ് തുടർചികിത്സ ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.

കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന 'ബ്ലാക്ക് ഫംഗസ്' ബാധ മ്യുകോർമൈകോസിസ് എന്നും അറിയപ്പെടുന്നു. മ്യൂക്കോർമിസെറ്റസ് എന്ന പൂപ്പൽ മൂലമുണ്ടാകുന്ന ബ്ലാക്ക് ഫംഗസ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർ, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ എന്നിവരെയാണ് പ്രധാനമായും ബാധിക്കുന്നത്. അവയവ മാറ്റിവയ്ക്കൽ അടക്കമുള്ള ശസ്ത്രക്രിയകൾക്കിടയിലും തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയിലിരിക്കുമ്പോളും ഈ ഫംഗൽ ബാധയുണ്ടാകാറുണ്ട്.