ലണ്ടൻ: ലോക സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ഫിൻലാൻഡ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണിത്. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് സ്ഥാനം പുറകോട്ടുപോയി ബ്രിട്ടൻ 18-)0 സ്ഥാനത്താണ് ഉള്ളത്. ആഗോള റാങ്കിൽ ഏറ്റവും ഒടുവിലെത്തിയത് സിംബാബ്വേയും. ഫിൻലാൻഡിനൊപ്പം മറ്റു നോർഡിക് രാജ്യങ്ങളും പട്ടികയിൽ മുൻപന്തിയിൽ തന്നെയുണ്ട്. ഐസ്ലാൻഡ്, ഡെന്മാർക്ക്എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ആറാം സ്ഥാനത്ത് സ്വീഡനും എട്ടാം സ്ഥാനത്ത് നോർവേയും എത്തി.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് രേഖപ്പെടുത്തിയ രാജ്യമാണ് ഫിൻലാൻഡ്. സ്വാതന്ത്യം, ആരോഗ്യകരമായ ജീവിതശൈലി, സാമൂഹിക ഐക്യം എന്നിവയിലും ഈ രാജ്യം മുന്നിട്ടു നിൽക്കുന്നു. കൊറോണവൈറസിനെ തീർത്തും കീഴടക്കിയ ന്യുസിലാൻഡും ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി പൊതുവേ ബ്രിട്ടന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു എന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഇതാണ് കോവിഡ് ബ്രിട്ടന് സമ്മാനിച്ച ഏറ്റവും വലിയ ദുരന്തമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കോവിഡിനെ കീഴടക്കാൻ ഏറ്റവും അത്യാവശ്യമായ പരസ്പരവിശ്വാസം എന്നതിൽ ഉന്നത റാങ്ക് നേടിയതാണ് ഫിൻലാൻഡിനെ മുന്നിലെത്തിച്ചത്.

55 ലക്ഷം ജനങ്ങളുള്ള ഫിൻലാൻഡ് ഇത് തുടർച്ചയായ നാലാം തവണയാണ് ലോക സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച ഐസ്ലാൻഡ് കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് സ്ഥാനങ്ങൾ മുന്നേറിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നാം സ്ഥാനത്ത് എത്തിയത് ഡെന്മാർക്കാണ്. 2013 മുതൽക്കുള്ള എല്ലാ വർഷത്തെയും ലോക സന്തോഷ സൂചികയിലെ ആദ്യ പത്തുസ്ഥാനങ്ങളിൽ ഡെന്മാർക്കും നോർവേയും ഉൾപ്പടെയുള്ള എല്ലാ നോർഡിക് രാജ്യങ്ങളും ഇടപ്പിടിക്കാറുണ്ടായിരുന്നു. ഇത്തവണയും പതിവു തെറ്റിയില്ല.

വ്യാപകമായ ക്ഷേമപ്രവർത്തനങ്ങൾ, കുറഞ്ഞ അഴിമതി, നല്ല രീതിയിൽ പ്രവർത്തിക്കുന്ന ജനാധിപത്യം എന്നിവയൊക്കെയാണ് നോർഡിക് രാജ്യങ്ങൾക്ക് മുന്നിലെത്താൻ സഹായകമാകാറ്. ഇവർക്കൊപ്പം സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, ജർമ്മനി, ആസ്ട്രിയ, ന്യുസിലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ പത്തുരാജ്യങ്ങളുടെ ലിസ്റ്റിൽ ഉള്ളത്. കഴിഞ്ഞ വർഷം എട്ടാം സ്ഥാനത്തുണ്ടായിരുന്ന ന്യുസിലാൻഡ് ഇത്തവണ ഒമ്പതാം സ്ഥാനത്താണ്. ഇസ്രയേൽ, ആസ്ട്രേലിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾ പത്തിൽ താഴെയുള്ളതിൽ മുൻ നിര സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കോവിഡ് ദുരത്തിലാഴ്ന്നു പോയെങ്കിലും ഇത്തവണ അമേരിക്കയ്ക്ക് രണ്ടു സ്ഥാനം മുന്നിലെത്താൻ കഴിഞ്ഞിട്ടുണ്ട്.

ബ്രിട്ടന് പക്ഷെ അഞ്ച് സ്ഥാനം പുറകോട്ടുപോകേണ്ടതായി വന്നു. പതിനെട്ടാം സ്ഥാനത്തുള്ള ബ്രിട്ടൻ പക്ഷെ അപ്പോഴും ഫ്രാൻസിനും സ്പെയിനിനും ഇറ്റലിക്കും ഒക്കെ മുൻപിലാണ്. എന്നാൽ അയർലൻഡ് ബ്രിട്ടനെ കടത്തിവെട്ടി പതിനാലാം സ്ഥാനത്തെത്തി. ഇതിൽ ഏറ്റവും വലിയ തകർച്ച സംഭവിച്ചത് ബ്രസീലിനാണ് കഴിഞ്ഞവർഷമ്മ് 29-)0 സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ ഇപ്പോഴുള്ളത് 41-)0 സ്ഥാനത്താണ്. ചൈന 69-)0 സ്ഥാനത്തുനിന്നും ഉയർന്ന് 52-)0 സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യയ്ക്ക് 91-)0 സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.