അഹമ്മദാബാദ്: ഒരു പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് കാലുമാറ്റം വളരെ എളുപ്പമാണ്. എല്ലാ ദിവസവും നൂറു കണക്കിന് രാഷ്ട്രീയ നേതാക്കളാണ് കാലുമാറ്റവും കൂറുമാറ്റവും നടത്തുന്നത്. പുതിയ കാലത്ത് പക്ഷേ, ഇവരെയെല്ലാം തിരിഞ്ഞുകൊത്തുന്നത് ഫേസ്‌ബുക്ക് പോസ്റ്റുകളും, ട്വീറ്റുകളുമാണ്. ഈയടുത്ത കാലത്ത് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ ഹാർദിക് പട്ടേലിന് വിനയായിരിക്കുന്നത് ആയിരകണക്കിന് ബിജെപി വിരുദ്ധ ട്വീറ്റുകളാണ്. മോദിയെയും അമിത്ഷായെയുമൊക്കെ തലങ്ങും വിലങ്ങും പൊരിച്ചിട്ടുള്ള ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുന്ന തിരക്കിലാണ് പാവം ഹാർദിക് പട്ടേൽ.

ഈ മാസം രണ്ടാം തീയതിയാണ് ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റും, പട്ടേൽ സമുദായ നേതാവുമായ ഹാർദിക് ബിജെപിയിലെത്തിയത്. 2015-ൽ ഗുജറാത്തിനെ ഞെട്ടിച്ച പട്ടേൽ സമുദായ സമരത്തെ മുന്നണിയിൽ നിന്ന് നയിച്ച നേതാവെന്ന നിലയിലാണ് ഹാർദികിനെ പൊതുസമൂഹം തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് അദ്ദേഹം കോൺഗ്രസിൽ ചേർന്നു. ഈ കാലഘട്ടങ്ങളിലെല്ലാം തന്നെ അതിനിശിതമായാണ് ബിജെപിയെയും അവരുടെ നേതാക്കളെയും ഇദ്ദേഹം വിമർശിച്ചിരുന്നത്.

ടെലിവിഷൻ ചർച്ചകളിൽ അമിത് ഷായെ ഗുണ്ടയെന്നും, പ്രധാനമന്ത്രിയെ ഫേക്കുവെന്നുമൊക്കെ വിളിച്ചിട്ടുള്ളയാളാണ് ഹാർദിക് പട്ടേൽ. - ഞാൻ ഒരു സാധാരണക്കാരന്റെ മകനാണ്. ഒരിക്കലും എന്തുവന്നാലും ബിജെപിയിൽ ചേരുന്ന പ്രശ്‌നമേയില്ല, എല്ലാതരത്തിലും ബിജെപിയുമായി ഏറ്റുമുട്ടാനും, സമരം നടത്താനും തയ്യാറാണ്, പക്ഷേ ഒരിക്കലും ബിജെപിക്ക് മുന്നിൽ കീഴടങ്ങില്ല എന്നൊക്കെ പറഞ്ഞ ഹാർദിക് പട്ടേൽ രാപ്പകലന്യേ തന്റെ പഴയ ട്വീറ്റുകൾ മായ്ച്ചുകളയുന്ന തിരക്കിലാണ്. ബിജെപിയിൽ ചേർന്ന അതേ ദിവസം തന്നെ ഏതാണ്ട് നൂറിലധികം ട്വീറ്റുകൾ ഡിലീറ്റ് ചെയ്തതായി ട്വിറ്ററിന്റെ ഹിസ്റ്ററിയിൽ കാണുന്നുണ്ട്. രാഷ്ട്രീയ ശത്രുക്കൾ ഇതെല്ലാം ചേർത്ത് വാർത്തകൾ സൃഷ്ടിക്കുന്നു.

പട്ടേദാർ സമരകാലത്ത് പൊലീസിന്റെ മർദനത്തിലും വെടിവെയ്‌പ്പിലും നിരവധി പേരാണ് കൊല്ലപ്പെട്ടത്. പട്ടേൽ സമുദായത്തെ ആവേശം കൊള്ളിക്കുന്ന പ്രസംഗമായിരുന്നു അന്നൊക്കെ ഹാർദിക് നടത്തിയത്. നമ്മളെ വഞ്ചിച്ച ബിജെപിയോട് പ്രതികാരം ചെയ്യണം, നമ്മളോട് ചെയ്ത പ്രവർത്തികൾക്ക് പകരം വീട്ടണം. ഒരിക്കലും അവരോടൊപ്പം ചേരരുത്, ഇപ്പോൾ പ്രതികാരം വീട്ടാനുള്ള സമയമാണ്.- എന്നൊക്കെയുള്ള ഹാർദികിന്റെ പഴയ പ്രശ്‌നങ്ങൾ കുത്തിപ്പൊക്കി നാണംകെടുത്തുന്ന തിരക്കിലാണ് കോൺഗ്രസുകാർ.

കച്ചവടക്കാരാണ് നിലപാടുകൾ മാറ്റുന്നത്. പലപ്പോഴും, നഷ്ടങ്ങളെയും ലാഭങ്ങളെയും കണക്കാക്കിയാണ് അവർ നിലപാടുകൾ സ്വീകരിക്കുന്നതും ഉപേക്ഷിക്കുന്നതും. ആദർശത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവർ ഒരിക്കലും കാലുമാറില്ല. മരണം വരെ ഞാൻ കോൺഗ്രസുകാരനായി തുടരും.- എന്ന ഹാർദികിന്റെ പഴയ ട്വീറ്റ് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് കുത്തിപ്പൊക്കിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പഴയ ട്വീറ്റുകൾ വിനയാകുമെന്ന തിരിച്ചറിവിലാണ് അതെല്ലാം ഡിലീറ്റ് ചെയ്ത് കളയാൻ ഹാർദിക് ശ്രമിക്കുന്നത്.

28-കാരനായ ഹാർദിക് പട്ടേൽ 2019-ലാണ് കോൺഗ്രസിൽ ചേരുന്നത്. ഗുജറാത്തിലെ കോൺഗ്രസ് സംവിധാനത്തിൽ നിന്ന് താൻ തഴയപ്പെടുന്നുവെന്ന തോന്നലിലാണ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടത്. അതിരൂക്ഷമായ ഭാഷയിൽ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ശേഷമാണ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടത്.