തിരുവനന്തപുരം: ഇന്ത്യയുടെ ഭരണഘടനയ്ക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിലൂടെ സർക്കാരിനെത്തന്നെ പ്രതിസന്ധിയിലാക്കിയ മന്ത്രി സജി ചെറിയാനെതിരെ നടപടിയുടെ കാര്യത്തിൽ സർക്കാരും ഭരണ മുന്നണിയും മൗനം പാലിച്ചിട്ടും വിഷയത്തിൽ സാംസ്‌കാരിക നായകന്മാർ പ്രതികരിക്കാത്ത പശ്ചാത്തലത്തിൽ ഒളിയമ്പുമായി നടൻ ഹരീഷ് പേരടി. സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പ്രതികരിക്കാത്തതിലുള്ള പ്രതിഷേധമായാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. ഒരു പറ്റം നായകളുടെ ചിത്രം പങ്കുവച്ചാണ് കുറിപ്പ്. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലെ ഭരണഘടനാ ലംഘന പ്രസംഗങ്ങൾ തളിർത്തോ എന്ന് നോക്കാമെന്ന് അദ്ദേഹം കുറിച്ചു.

ഉത്തരേന്ത്യയിലെ വിഷയങ്ങളിൽ മാത്രം പ്രതികരിക്കുകയും കേരളത്തിൽ ഇടതുമുന്നണിയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുന്ന സാംസ്‌കാരിക നായകരുടെ ഇരട്ടത്താപ്പ് തുറന്നു കാണിച്ചാണ് ഹരീഷ് പേരടിയുടെ കുറിപ്പ്

ഹരീഷ് പേരടിയുടെ കുറിപ്പ്

വരൂ പ്രിയരെ.. നമുക്ക് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം... അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ തളിർത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളിൽ ഭരണഘടനാ ലംഘനങ്ങൾ പൂക്കുകയും ചെയ്തോ എന്നുനോക്കാം...അവിടെവെച്ച് നിങ്ങൾക്ക് ഞങ്ങളുടെ പ്രതിരോധവും പ്രതിഷേധവും തരും... കഥ -കുന്തവും കൊടചക്രവും...

പ്രസംഗവിവാദത്തിൽ സജി ചെറിയാനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദപരാമർശം നടത്തിയത്. മാതൃഭൂമി ഡോട്ട് കോമാണ് മന്ത്രിയുടെ വിവാദ പ്രസംഗം ആദ്യം വാർത്തയാക്കിയത്. പിന്നാലെയുണ്ടായ പ്രതിഷേധങ്ങളും വിമർശനങ്ങളും മന്ത്രിയുടെ രാജിക്കായി മുറവിളി ഉയർത്തുകയായിരുന്നു.

ബ്രിട്ടീഷുകാർ പറഞ്ഞത് ഇന്ത്യക്കാർ എഴുതിവെച്ചതാണ് ഇന്ത്യൻ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമർശങ്ങളാണ് സജി ചെറിയാൻ നടത്തിയത്.

ഉദ്ദേശ്യം നല്ലതാണെന്നും നാക്കുപിഴയാണ് മന്ത്രിക്കു സംഭവിച്ചതെന്നും വിശദീകരിച്ച് കഴിഞ്ഞ ദിവസം സിപിഎം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സജി ചെറിയാനെ ന്യായീകരിച്ചിരുന്നു. സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രിസഭയുടെ തലവനെന്ന നിലയിൽ മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചിരുന്നു.

സജി ചെറിയാനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് ഇന്ന് നിയമസഭ എട്ട് മിനിറ്റ് മാത്രമാണ് ചേരാനായത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാർഡുകളുയർത്തി മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ എം.ബി.രാജേഷ് അറിയിക്കുകയായിരന്നു