ലണ്ടൻ: ഹാരിയുടെ സൈനിക ബഹുമതികളും പദവികളും എടുത്തുകളഞ്ഞുകൊണ്ട് എലിസബത്ത് രാജ്ഞി ഉത്തരവിറക്കിയതിന് ഒരു ദിവസം തികയും മുൻപേയാണ് ഹാരി, മേഗനൊപ്പം ഓപ്ര വിൻഫ്രിയുടെ അഭിമുഖത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എന്നനിലയിലുള്ള കടമകളിൽ നിന്നും ഒഴിഞ്ഞ് കൊട്ടാരം വിട്ട് പോന്നതിനാൽ, താൻ ഏറെ അഭിമാനിച്ചിരുന്ന ഒരുകൂട്ടം സൈനിക പദവികളും ബഹുമതികളും നഷ്ടപ്പെട്ടത് ഹാരിയെ ചൊടിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

നേരത്തേ, കൊട്ടാരം വിട്ടിറങ്ങിയ കൊച്ചുമകൻ തിരികെയെത്തുമെന്ന വിശ്വാസത്തിൽ രാജ്ഞി കാത്തിരുന്നിരുന്നു. എന്നാൽ, അത് നടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് അവശേഷിച്ചിരുന്ന രാജപദവികളും മറ്റും ഹാരിയിൽ നിന്നും നീക്കാൻ രാജ്ഞി തീരുമാനിച്ചത്. അതിന്റെ ഭാഗമായിട്ടായിരുന്നു ഹാരിക്കുണ്ടായിരുന്ന ആദരസൂചകവും ആലങ്കാരികവുമായ സൈനിക പദവികൾ എടുത്തുകളഞ്ഞത്. ഇത് എടുത്തുകളഞ്ഞുള്ള അറിയിപ്പ് കിട്ടിയതിനുശേഷം 24 മണിക്കൂർ തികയുന്നതിനു മുൻപായാണ് ഹാരി അഭിമുഖത്തിന് സമ്മതം മൂളിയത്.

മറ്റെന്തിനേക്കാൾ ഉപരിയായി ഹാരി ഏറെ സ്നേഹിച്ചിരുന്നതാണ് സൈനിക ബഹുമതികളേയും സൈനിക വസ്ത്രത്തേയും. ഇത് രണ്ടും നഷ്ടപ്പെടുത്തിയത് ഹാരിയെ കോപാകുലനാക്കിയിരുന്നു എന്ന് ഹാരിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ചാൾസ് രാജകുമാരൻ സിംഹാസനമെറിയാലും ഹാരിയുടെയും മേഗന്റെയും മകൻ ആർച്ചിക്ക് രാജകുമാരൻ എന്ന പദവി ലഭിക്കുകയില്ലെന്ന അറിയിപ്പുണ്ടായപ്പോഴാണ് അഭിമുഖത്തിനുള്ള തീരുമാനം എടുത്തത് എന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ. ഈ വിഷയം അഭിമുഖത്തിൽ പരാമർശിക്കപ്പെടുകയും ചെയ്തിരുന്നു.

മുത്തച്ഛനായ ഫിലിപ്പ് രാജകുമാരൻ കൈമാറിയ റോയൽ മറൈൻസിന്റെ ക്യാപ്റ്റൻ-ജനറൽ എന്ന പദവിയായിരുന്നു അവസാനമായി ഹാരിയിൽ നിന്നും എടുത്തുമാറ്റിയത്. നേരത്തേ, ബ്രിട്ടീഷ് സൈന്യത്തോടൊപ്പം രണ്ടുതവണ അഫ്ഗാൻ ഓപ്പറേഷനിൽ പങ്കെടുത്തിട്ടുള്ള ഹാരി ഈ പദവി നഷ്ടപ്പെടുമെന്ന് കരുതിയിരുന്നില്ല. ഇതിനായി ഹാരി എലിസബത്ത് രാജ്ഞിയോട് അപേക്ഷിക്കുകപോലും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, അപേക്ഷകളെല്ലാം നിരാകരിക്കപ്പെടുകയയിരുന്നു. ഈ സ്ഥാനത്തോടൊപ്പം റോയൽ എയർഫോഴ്സിന്റെ ഹോണററി എയർ കമാൻഡർ, റോയൽ നേവിയിലെ കമ്മഡോർ-ഇൻ-ചീഫ് തുടങ്ങിയ പദവികളിൽ നിന്നും ഹാരി നീക്കം ചെയ്യപ്പെട്ടു. ഇതിനെ തുടർന്നായിരുന്നു ഹാരി വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ പങ്കെടുത്തതും വംശീയ വിദ്വേഷം ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉയർത്തി ബ്രിട്ടീഷ് രാജകുടുംബത്തെ നാണം കെടുത്തിയതും.