ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിന്മാറി. തനിക്ക് ചീഫ് ജസ്റ്റിസിനെ സ്‌ക്കൂൾകാലം മുതൽ അറിയാമെന്നും അത് ഈ കേസിനെ നിഴലിൽ നിർത്തുമെന്നും അതിൽ താൽപര്യമില്ലെന്നും പറഞ്ഞാണ് സാൽവെ കേസിൽ നിന്നും പിന്മാറിയത്.

രാജ്യത്തെ കടുത്ത കോവിഡ്-19 വ്യാപനത്തിൽ കേസിൽ നിന്നും പിന്മാറാൻ സാൽവേ നേരത്തെ സുപ്രീംകോടതിയുടെ അനുമതി തേടിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വമാണ് വിഷയത്തിൽ ഇടപെട്ടത്. അതേസമയം മുതിർന്ന അഭിഭാഷകരെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. മുതിർന്ന അഭിഭാഷകർ സുപ്രീംകോടതിയെ തകർക്കാൻ ശ്രമിക്കുകയാണ്. ഉത്തരവ് വരുംമുമ്പുതന്നെ കോടതിക്ക് താത്പര്യങ്ങളുണ്ടെന്ന് വരുത്തുകയാണെന്നും സുപ്രീംകോടതി പറഞ്ഞു.

ഹൈക്കോടതിയിലെ കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റുകയും പരാതികൾ പരിഹരിക്കുകയുമാണ് ലക്ഷ്യമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്രുന്നതിനെതിരേയും അമിക്കസ് ക്യൂറിയായി ഹരീഷ് സാൽവയെ നിയമിച്ചതിന് എതിരെയുമാണ് മുതിർന്ന അഭിഭാഷകർ രംഗത്തെത്തിയത്. മുതിർന്ന അഭിഭാഷകരുടെ വിമർശനത്തെ തുടർന്നാണ് അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഹരീഷ് സാൽവെ പിന്മാറിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ വിഷമിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതോടെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവാഴ്ചത്തേക്ക് മാറ്റി.കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും നിയന്ത്രണത്തിന് സർക്കാർ ദേശീയ പദ്ധതി ഉണ്ടാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഓക്‌സിജൻ, കോവിഡ് പ്രതിരോധം, വാക്‌സിൻ എന്നീ വിഷയങ്ങളിൽ സർക്കാരിന് വ്യക്തമായ കർമപദ്ധതി വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്രസർക്കാർ വിശദാംശങ്ങൾ അറിയിക്കാനും നിർദേശിച്ചിരുന്നു.

സുപ്രീംകോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ഓക്സിജൻ ദൗർബല്യം, അവശ്യ മരുന്നുകൾ തുടങ്ങിയവയുടെ വിതരണവും വാക്‌സിനേഷൻ ക്രമീകരണവും എങ്ങനെയാണെന്നും എന്താണ് ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ പദ്ധതിയെന്നുമായിരുന്നു എസ്എ ബോബ്ഡെ ചോദിച്ചത്. ഡൽഹി, അലഹബാദ് ഹൈക്കോടതികൾ ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ വിമർശിച്ചിരുന്നു.ബോംബെ, സിക്കിം, മധ്യപ്രദേശ്, കൊൽക്കത്ത ഹൈക്കോടതികളും സമാന ഹർജികൾ പരിഗണിക്കുന്നുണ്ട്.