മുണ്ടക്കയം: ഭൂപരിഷ്‌കരണ നിയമത്തിലെ കുടികിടപ്പ് അവകാശത്തിന്റെ പേരിൽ ഹാരിസൺസ് മലയാളം കമ്പനി കൈവശപ്പെടുത്തിയത് 711 ഏക്കർ വരുന്ന മുണ്ടക്കയം എസ്റ്റേറ്റ്. തോട്ടഭൂമിയാണെങ്കിൽ പരമാവധി 30 ഏക്കർ വരെ കുടികിടപ്പ് അവകാശമായി കിട്ടുമെന്നാണ് നിയമം എന്നിരിക്കേയാണ് ഹാരിസൺസിന്റെ ഈ നിയമ വിരുദ്ധ പ്രവർത്തനം.

ഹാരിസൺസ് മുതലാളി ഹർഷ ഗോയങ്ക ഈയിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും പിണറായി വിജയൻ അതിന് നേതൃത്വം കൊടുക്കുന്നുവെന്നും ഗോയങ്ക ട്വീറ്റ് ചെയ്തിരുന്നു. നന്ദി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി മറുപടിയും നൽകി. എന്തെങ്കിലും പ്രത്യുപകാരം പ്രതീക്ഷിച്ചാണോ ഗോയങ്ക പിണറായിയെ പുകഴ്‌ത്തിയത് എന്നതാണ് ഇപ്പോഴത്തെ സംശയം. കിറ്റക്‌സ് വിവാദം പുകയുന്ന പശ്ചാത്തലത്തിലാണ് കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ഹാരിസൺ ഉടമയും ആർ.പി.ജി എന്റർപ്രൈസസ് ചെയർമാനുമായ ഹർഷ് ഗോയങ്ക ട്വീറ്റ് ചെയ്തത്. കേരളത്തിലുള്ളവർ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഗോയങ്കയുടെ ട്വീറ്റ് പിണറായിക്ക് ആശ്വാസമായി. ഏറ്റവുമധികം പേർക്ക് ശമ്പളം കൊടുക്കുന്ന വ്യവസായം കേരളത്തിൽ നടത്തുന്ന തനിക്ക് ഇതു വരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നായിരുന്നു ഹർഷിന്റെ ട്വീറ്റ്.

ഈ കമ്പനിക്ക് കേരളത്തിലുള്ള ആർത്തി തീരുന്നില്ല. മുണ്ടക്കയം പഞ്ചായത്തിലെ വെള്ളനാടിയിൽ മണിമലയാറിന്റെ പുറമ്പോക്കിൽ താമസിക്കുന്ന അമ്പതിൽപരം ഭൂരഹിതരെ കുടിയിറക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ നീക്കം. വെറും കുടിയാൻ പട്ടയം കാണിച്ചാണ് കമ്പനി കാലങ്ങളായി മുണ്ടക്കയം എസ്റ്റേറ്റ് കൈവശം വയ്ക്കുന്നത്. റവന്യൂ വകുപ്പിന് ഇക്കാര്യം നേരത്തെ തന്നെ അറിയാമായിരുന്നെങ്കിലും അവർ അജ്ഞത നടിച്ചു.

2014-ൽ ഇതുസംബന്ധിച്ച് സമഗ്ര വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി സർക്കാരിന് കത്തയച്ചെങ്കിലും അത് മുക്കി. മുണ്ടക്കയം തോട്ടം തങ്ങളുടേതാണെന്ന് ഹാരിസൺ അവകാശപ്പെടുന്നത് വർഷങ്ങൾക്ക് മുമ്പ് കോട്ടയം സ്പെഷൽ മുൻസിഫ് ലാൻഡ് ട്രിബ്യൂണൽ നൽകിയ ക്രയ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ്. ഈ സർട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്ന് റവന്യൂ വകുപ്പു നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതൊന്നുംഅറിയാതെയാണ് മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അധികൃതരും പൊലീസും എംഎൽഎയും കമ്പനിക്കു വേണ്ടി പാവങ്ങളെ കുടിയിറക്കാൻ ശ്രമിക്കുന്നത്.

ബ്രിട്ടീഷുകാരനായ ഹെൻട്രി വാർഡ്, വഞ്ഞിപ്പുഴമഠം, ഗോവിന്ദപ്പിള്ള രാമൻപിള്ള, എരുമേലി പശ്ചിമ ദേവസ്വം എന്നിവരിൽ നിന്നാണ് എട്ട് ദശകങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷൻ ഭൂമി വാങ്ങുന്നത്. 1976 സെപ്റ്റംബർ 30 നാണ് മുണ്ടക്കയം എസ്റ്റേറ്റിന് അന്നത്തെ ഇംഗ്ലീഷ് കമ്പനിയായ മലയാളം പ്ലാന്റേഷൻസ് ക്രയ സർട്ടിഫിക്കറ്റ് നേടിയത്. ഭൂപരിഷ്‌കരണ നിയമത്തിൽ ഭൂ രഹിതർക്ക് കുടികിടപ്പ് അവകാശമായി ഭൂമി പതിച്ചു നൽകാൻ വ്യവസ്ഥചെയ്യുന്ന 82-ാം വകുപ്പ് പ്രകാരം എരുമേലി പശ്ചിമ ദേവസ്വത്തിന്റെ കുടിയാനെന്ന നിലയിൽ 763.11 ഏക്കർ ഭൂമി അന്നത്തെ ഇംഗ്ലീഷ് കമ്പനിയായ മലയാളം പ്ലാന്റേഷൻസ് കൈക്കലാക്കുകയായിരുന്നു. ശത കോടികളുടെ ആസ്തിയുള്ള ബ്രിട്ടീഷ് കമ്പനി എങ്ങനെ കേരളത്തിലെ കുടിയാനായി എന്നതാണ് പ്രധാന ചോദ്യം.

ഭൂപരിഷ്‌കരണ നിയമം 82-ാം വകുപ്പ് ജന്മിയുടെ ഭൂമിയിലെ കുടികിടപ്പുകാരായ പട്ടിണി പാവങ്ങൾക്ക് ഭൂമി നൽകാനായിരുന്നു. ഈ വകുപ്പനുസരിച്ച് കുടിയാൻ ഒരു വ്യക്തിയാണെങ്കിൽ അനുവദിക്കാവുന്ന പരമാവധി ഭൂമി ആറ് ഏക്കറാണ്. കുടുംബമാണെങ്കിൽ 15 ഏക്കറും അഞ്ച് അംഗങ്ങളിൽ കൂടുതലുള്ള കുടുംബമാണെങ്കിൽ 20 ഏക്കറും കുടികിടപ്പ് ഭൂമി തോട്ടമാണെങ്കിൽ 30 ഏക്കറുമാണ് പരമാവധി അനുവദിക്കാവുന്ന ഭൂമി. കെഎൽആർ ആക്ട് 83-ാം വകുപ്പിലെ 82-ാം വകുപ്പ് അനുശാസിക്കുന്നതിൽ കൂടുതൽ ഭൂമി കുടിയാന്മാർ കൈവശംവയ്ക്കുന്നതും സ്വന്തമാക്കുന്നതും വിലക്കുന്നുണ്ട്.

ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഹാരിസൺസ് അവരുടെ മുൻഗാമികൾ എന്നു പറയുന്ന മലയാളം പ്ലാന്റേഷൻസ് 763.11 ഏക്കർ ഭൂമി കുടിയാനെന്ന നിലയിൽ സ്വന്തമാക്കിയത്. നിയമം ലംഘിച്ച് ലാൻഡ് ട്രിബ്യൂണൽ ഇത്രയും ഭൂമി പതിച്ചു നൽകിയത് റവന്യൂ വകുപ്പ് ഇതുവരെ എവിടെയും ചോദ്യം ചെയ്തിരുന്നില്ല. ഹാരിസൺ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പ് സെക്രട്ടറി കോട്ടയം കലക്ടർക്ക് രണ്ട് മാസം മുമ്പ് നിർദ്ദേശം നൽകിയിരുന്നു.

മുണ്ടക്കയം എസ്റ്റേറ്റിനെതിരെ സർക്കാർ ഈവിധം നടപടികൾ എടുത്തു വരവേയാണ് ഗ്രാമ പഞ്ചായത്തും സ്ഥലം എംഎൽഎയുമെല്ലാം ചേർന്ന് ആറ്റു പുറേമ്പാക്കിലെ ഭൂരഹിതരും കൂലിപ്പണിക്കാരുമായ കുടുംബങ്ങളെ കുടിയിറക്കി അവരുടെ ഭൂമി കൂടി ഹാരിസൺസിന് നേടികൊടുക്കാൻ ഉത്സാഹം കാട്ടുന്നത്.