മലപ്പുറം: വൈകിട്ട് 6.30ന് ശേഷം സ്ത്രീകൾ രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നു പാണക്കാട് നിന്നും തനിക്കു നിർദ്ദേശം ലഭിച്ചിരുന്നുവെന്നും മുസ്ലിംലീഗിന്റെ ആദ്യ വനിതാ നിയമസഭാ സ്ഥാനാർത്ഥിയും നിലവിലെ വനിതാ ലീഗ് വൈസ് പ്രസിഡന്റുമായ ഖമറുന്നീസ അൻവർ. സ്ത്രീകൾ മുഖ്യപ്രാധാന്യം വീട്ടുകാര്യങ്ങൾക്ക് നൽകണമെന്നും അച്ചടക്കം പാലിക്കണമെന്നും അന്ന് തനിക്കു നിർദ്ദേശം ലഭിച്ചിരുന്നുവെന്നും അതുപ്രകാരമാണ് പ്രവർത്തിച്ചിട്ടുള്ളതെണന്നും ഖമറുന്നീസ പറഞ്ഞു. എന്നാൽ അടിയന്തര ഘട്ടങ്ങളിൽ വൈകി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതു സംബന്ധിച്ചു നിർദ്ദേശം ഉണ്ടായിരുന്നതായും ഇവർ പറഞ്ഞു.

അതേ സമയം ഹരിത-എം.എസ്.എഫ് വിവാദത്തിൽ വിദ്യാർത്ഥി വനിതാ നേതാക്കളെ തള്ളി വനിതാലീഗും രംഗത്തുവന്നിട്ടുണ്ട്. വിഷയം ലീഗിൽ വലിയ വിവാദങ്ങൾക്കു വഴിവെക്കുമ്പോഴും നേതാക്കളിൽ ആരുടേയും പരസ്യപിന്തുണ ഹരിത നേതാക്കൾക്കു ലഭിച്ചില്ല. അതേ സമയം ഹരിത നേതാക്കളുടെ പ്രവർത്തനങ്ങളിൽ വനിതാലീഗിലെ മുതിർന്ന നേതാക്കളെല്ലാം തന്നെ അസംതൃപ്തിയിലുമാണ്.

സോഷ്യൽ മീഡിയയിലെ ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി പ്രവർത്തിക്കുന്നവരാണു ഹരിതയിലെ വലിയൊരു വിഭാഗമെന്നും പാർട്ടിക്കും സമുദായത്തിനും വില കൽപിക്കാതെ സോഷ്യൽ മീഡിയയിലൂടെ താരമാകുക മാത്രമാണു ഇവരുടെ ലക്ഷ്യമെന്നും പേരുവെളിപ്പെടുത്താൻ കഴിയാത്ത മുതിർന്ന വനിതാലീഗ് നേതാവ് പറഞ്ഞു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിൽ നിന്നും ഒരു വനിതാ സ്ഥാനാർത്ഥിയുണ്ടാകുമെന്ന രീതിയിൽ ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ ഹരിതയിലൂടെ വന്ന് നിലവിൽ എം.എസ്.എഫ് ദേശീയ എം.എസ്.എഫ് വൈസ് പ്രസിഡന്റായ ഫാത്തിമ തഹ്്ലിയയുടെ പേരു ഉയർത്തിക്കാണിക്കാൻ ഹരിതയിലെ വലിയൊരു വിഭാഗം നേതാക്കളും രംഗത്തുണ്ടായിരുന്നു. പാർട്ടിക്കപ്പുറം ചിന്തിക്കുന്നവരാണ് ഇക്കൂട്ടരെന്നുമുള്ള ആക്ഷേപം വനിതാ ലീഗിനുണ്ട്.

വിഷയത്തിൽ പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും, വീണുകിടക്കുമ്പോൾ ചവിട്ടാൻ ശ്രമിക്കരുതെന്നും വനിതാലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് പറഞ്ഞു. വിഷയത്തിൽ 12 എം.എസ്.എഫ് ജില്ലാ കമ്മിറ്റികളുടെ പിന്തുണമാത്രമാണ് ഇതുവരെ ഹരിതക്കു ലഭിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി ആവശ്യപ്പെട്ട് എം.എസ്്എഫ് ജില്ലാ കമ്മിറ്റികൾ നേതൃത്വത്തിന് കത്തും നൽകിയിരുന്നു. എന്നാൽ ഈ കത്ത് പിൻവലിപ്പിക്കാനും നേതാക്കളുടെ ശ്രമങ്ങളുണ്ടായി. ഹരിതയെ പിന്തുണയക്കുന്ന നിലപാട് തിരുത്തണമെന്ന് കത്തയച്ച ജില്ലാ കമ്മിറ്റികളോട് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. നിലവിൽ അഞ്ചു ജില്ലാ കമ്മിറ്റികളോടാണ് കത്ത് പിൻവലിക്കാൻ നേതൃത്വം ആവശ്യപ്പെട്ടത്. വനിതാ കമ്മീഷന് ഹരിത പരാതി നൽകിയതിന് തൊട്ടടുത്ത ദിവസമാണ് നടപടി ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ കത്ത് അയച്ചത്.

അതിനിടെ ഹരിതയ്ക്ക് പിന്തുണയില്ലെന്നും സംസ്ഥാന നേതൃത്വത്തെ അംഗീകരിക്കുന്നെന്നും കാണിച്ച് ആറ് ജില്ലാ കമ്മറ്റികൾ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിക്കൂം കത്തയച്ചു. തൃശ്ശൂർ ഇടുക്കി, ആലപ്പുഴ, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളാണ് കത്തയച്ചത്.