ഛണ്ഡീഗഢ്: പ്രതിഷേധ റാലിക്കിടെ കർഷകരെ തെറിവിളിച്ച ഹരിയാന എംഎ‍ൽഎ മാപ്പ് പറഞ്ഞു. ഭരണകക്ഷിയായ ബിജെപിയുമായി സഖ്യമുള്ള ജെ.ജെ.പിയുടെ എംഎ‍ൽഎ ദേവേന്ദ്ര സിങ് ബാബ്‌ലിയാണ് മാപ്പ് പറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച തോഹാന നഗരത്തിലെ കർഷക പ്രതിഷേധത്തിനിടെയാണ് സംഭവം. 'ജൂൺ ഒന്നിന് നടന്ന സംഭവത്തിൽ ഞാൻ മാപ്പ് ചോദിക്കുന്നു. ഒരു ജനപ്രതിനിധിയെന്ന നിലയിൽ അത്തരം വാക്കുകൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലായിരുന്നു. അതിൽ ഖേദിക്കുന്നു, ക്ഷമ ചോദിക്കുന്നു' -കർഷക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ബാബ്‌ലി പറഞ്ഞു.

എംഎ‍ൽഎക്കെതിരെ സമരനേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച നൂറുകണക്കിന് പേർ തോഹാന പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് കൂടിക്കാഴ്ചയുണ്ടായതും ക്ഷമ പറഞ്ഞതും. മാപ്പ് പറഞ്ഞില്ലെങ്കിൽ തിങ്കളാഴ്ച ഹരിയാനയിലുടനീളമുള്ള പൊലീസ് സ്റ്റേഷനുകൾ ഉപരോധിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ക്ഷമാപണം സ്വീകരിച്ചതായി ടികായത്ത് അറിയിച്ചു.

അതേസമയം, എംഎൽഎയുടെ ക്ഷമാപണം ഉണ്ടായിട്ടും ചില കർഷകർ പ്രതിഷേധം തുടരുകയാണ്. ചൊവ്വാഴ്ചയുണ്ടായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ മൂന്നുപേരെ മോചിപ്പിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. തോഹാനയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എംഎ‍ൽഎയുടെ വാഹനം തടഞ്ഞു, അദ്ദേഹത്തെ മർദിക്കാൻ ശ്രമിച്ചു എന്നീ കാരണങ്ങൾ പറഞ്ഞാണ് കേസെടുത്തിട്ടുള്ളത്.

സംഘർഷത്തിനിടെ എംഎ‍ൽഎ മോശം വാക്കുകൾ ഉപയോഗിച്ചെന്ന് കാണിച്ച് അടുത്ത ദിവസം കർഷകർ അദ്ദേഹത്തിന്റെ വീട് വളഞ്ഞിരുന്നു. ഇതിനെതിരെ കേസെടുക്കുകയും മുപ്പതോളം പ്രക്ഷോഭകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, കർഷകർ തനിക്ക് നേരെ നടത്തിയതുകൊലപാതകശ്രമമാണെന്നും വാഹനത്തിൽ മൂന്ന് തവണ ഇടിച്ചതായും സഹായിയെ മർദിച്ചതായും ദേവേന്ദ്ര ബാബ്‌ലി ആരോപിച്ചിരുന്നു. അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.