ലണ്ടൻ: അവസാന വേരും അറുത്തുമാറ്റി തറവാട്ടിൽ നിന്നും യാത്രതിരിക്കുന്ന ഒരു നിഷേധിയുടെ കഥാപാത്രമായി മാറുകയാണ് ഹാരി രാജകുമാരൻ. മുതിർന്ന രാജകുടുംബാംഗമെന്ന പദവിയും അതിനോടനുബന്ധിച്ചുള്ള ആനുകൂല്യങ്ങളും മുൻഗണനകളും ഉപേക്ഷിച്ചിറങ്ങിയപ്പോഴും ഹാരിയുടെ പുറകേ ഒരു നിഴൽപോലെയുണ്ടായിരുന്നതാണ് ഫ്രോഗ്മോർ കോട്ടേജിന്റെ നവീകരണത്തിനായി സർക്കാർ ഖജനാവിൽ നിന്നുംചെലവഴിച്ച 2.4 മില്ല്യൺ പൗണ്ടിന്റെ കണക്ക്.

അത്യാഡംബരപൂർവ്വം നവീകരണം നടത്തിയ ബംഗ്ലാവും ഉപേക്ഷിച്ചാണ് ഹാരിയും മേഗനും അമേരിക്കയിലേക്ക് ചേക്കേറിയത്. അപ്പോഴും പൊതുഖജനാവിൽ നിന്നും പണമെടുത്ത് വീടുമോടിപിടിപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഒരു ബന്ധനമായി തുടർന്നു. ഇപ്പോൾ ആ ബന്ധനവും ഒഴിവാക്കിയിരിക്കുകയാണ് ഹാരിയും മേഗനും. എന്നാൽ, ഇവർ നൽകിയ ചെക്ക് രാജകുടുംബവുമായുള്ള ബന്ധം പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ അന്ത്യ സന്ദേശമാണെന്നാണ് രാജകുടുംബവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

സ്ട്രീമിങ് രംഗത്തെ ഭീമന്മാരായ നെറ്റ്ഫ്ളിക്സ് ഹാരിയും മേഗനുമായി 75 മില്ല്യൺ പൗണ്ടിന്റെ കരാർ ഒപ്പുവച്ചതായി നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത പ്രൊഡക്ഷൻ കമ്പനിയുടെ പേരിൽ ഡോക്യൂമെന്ററികൾ, ഫീച്ചർ ഫിലിമുകൾ, കുട്ടികൾക്കുള്ള പരിപാടികൾ തുടങ്ങിയവ നിർമ്മിക്കുന്നതിനാണ് കരാർ. ഇപ്പോൾ ബ്രിട്ടീഷ് ഖജനാവിലേക്ക് തിരിച്ചടച്ച തുക ഇതിന് ലഭിച്ച അഡ്വാൻസിന്റെ ആദ്യ ഘടുവാണോ എന്നാണ് എല്ലാവരും സംശയിക്കുന്നത്.

ഹാരിക്ക് തന്റെ പിതാവ് ചാൾസ് രാജകുമാരനിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതായി നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു.ഇപ്പോൾ അവരുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത് അത്തരമൊരു സഹായം ഇപ്പോൾ ലഭിക്കുന്നില്ല എന്നാണ്. ഇതും കൊണ്ടെത്തിക്കുന്നത്, നെറ്റ്ഫ്ളിക്സിന്റെ കരാർ തുക പൂർണ്ണമായും അവർക്ക് ലഭിച്ചിട്ടുണ്ടാകും എന്ന അനുമാനത്തിലാണ്. അത് എന്തായാലും, ഇപ്പോൾ പണം തിരിച്ചടക്കുകവഴി ഭാവിയിൽ തന്റെ കുടുംബവുമായുള്ള ഒരു ഒത്തുതീർപ്പിനും പുനസമാഗമത്തിനുമുള്ള അവസാന സാദ്ധ്യതയും ഇല്ലാതാക്കിയിരിക്കുകയാണ് രാജകുമാരൻ എന്നാണ് പൊതുവേയുള്ള വികാരം.

തന്റെ അമ്മയുടെ സ്വത്തിന്റെ ഓഹരിയായ ലഭിച്ച 20 മില്ല്യൺ പൗണ്ടോ അല്ലെങ്കിൽ രാജ്ഞിയുടെ ട്രസ്റ്റ് ഫണ്ടോ ഉപയോഗിച്ച്, സ്വയം തന്റെ ബംഗ്ലാവ് നവീകരിക്കുവാൻ ഹാരിക്ക് കഴിയുമായിരുന്നു. പൊതുജനങ്ങൾക്കിടയിൽ ധാരാളം പരാതി ഉയർത്തിയ ഒരു ധൂർത്തിനാണ് പക്ഷെ ഹാരി തയ്യാറായത്. മാത്രമല്ല, തന്റെ മകൻ ആർച്ചിയുടെ ജനനവും മാമോദീസ മുക്കലും ഒക്കെയായി ബന്ധപ്പെട്ട കാര്യങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിച്ചതും രാജകുടുംബത്തെ ഇന്നും സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് വേദനയുളവാക്കി.

ഇപ്പോൾ ഉയരുന്ന ചോദ്യം എങ്ങനെയാണ് ഈ പണം തിരിച്ചടച്ചത് എന്നാണ്. കൊട്ടാരവൃത്തങ്ങൾ പറയുന്നത്, ഇത്രപെട്ടെന്ന് ഇത് തിരിച്ചടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നു തന്നെയാണ്. എന്നാലും ഇത് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു. തങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കുകയും ഇപ്പോൾ ഈ തുക തിരിച്ചടക്കുകയും വഴി രാജകുടുംബവുമായി ആശ്രയിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഹാരിയും മേഗനും. അത് തങ്ങളെ വേട്ടയാടുന്നതിൽ നിന്നും മാധ്യമങ്ങളെ പിന്തിരിപ്പിക്കുമെന്നും അവർ കരുതുന്നു.