തിരുവനന്തപുരം: ചില ജോലിയോടും കർമ്മമേഖലയോടും ഒക്കെയുള്ള ഇഷ്ടം കാരണം അ പ്രവൃത്തി ചെയ്യുമ്പോൾ തന്നെ മരിക്കണമെന്നൊക്കെ ചിലർ പൊതുവേ പറയാറുണ്ട്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച മൃഗശാലയിലെ ജീവനക്കാരൻ ഹർഷാദ് ഇങ്ങനെ ചിന്തിച്ചിരുന്നോ എന്നറയില്ല.എങ്കിലും തനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഹർഷാദ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുന്നത്. തിരുവനന്തപുരം മൃഗശാലയിൽ ഇതിനുമുൻപ് ഹർഷദിനുണ്ടായ അനുഭവങ്ങളിൽ ഭൂരിഭാഗവും സുചിപ്പിക്കുന്നത് ഈ ജോലിയോടുള്ള ഹർഷദിന്റെ പ്രണയം തന്നെയാണ്.

ഹർഷാദ് കാട്ടാക്കട സ്വദേശിയായ ഹർഷാദ് പതിനേഴ് വർഷമായി ഈ മൃഗശാലയിലായിരുന്നു ജോലി ചെയ്തത്. വന്യജീവികളെ ഒരുപാടിഷ്ടമായിരുന്ന ഹർഷാദ് ഇത്തരത്തിൽ ഒരു ജോലി തെരഞ്ഞെടുത്തതും ഇ ഇഷ്ടം ഒന്നുകൊണ്ടു തന്നെയാണ്.തെരുവു സർക്കസ് നടത്തിയിരുന്ന ആളായിരുന്നു ഹർഷാദിന്റെ പിതാവ് അബ്ദുൾ സലാം. അക്കാലത്ത് വന്യമൃഗങ്ങളെ ഇണക്കി പിതാവ് നടത്തുന്ന അഭ്യാസമുറകൾ കണ്ടാണ് ഹർഷാദിനും മൃഗങ്ങളെ പരിപാലിക്കുന്നതിൽ താൽപര്യം വന്നത്.ഒടുവിൽ തനിക്കൊപ്പം ജോലിയിൽ പ്രവേശിപ്പിച്ച എല്ലാവരെയും സ്ഥിരനിയമനമാക്കിയപ്പോൾ ഹർഷാദിനെ മാത്രമാണ് ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ച് ജോലി സ്ഥിരപ്പെടുത്താൻ ഹർഷാദ് ചെയ്തതാകട്ടെ അധികമാരും ചെയ്യാൻ ധൈര്യപ്പെടാത്ത പ്രതിഷേധവും.

വിഷപ്പാമ്പുകൾക്ക് നടുവിൽ നിന്ന് അപകടകരമായ സമരം നടത്തിയാണ് ഹർഷാദ് ജോലി സ്ഥിരത നേടിയത്. ഇതാദ്യമായല്ല ഹർഷാദിന് ജീവികളുടെ ആക്രമണം നേരിടേണ്ടി വരുന്നത്.നേരത്തെ ചീങ്കണ്ണിയുടെയും കുരങ്ങിന്റെയും ആക്രമണം ഹർഷാദ് നേരിട്ടിരുന്നു. എങ്കിലും തനിക്ക് അത്രമേൽ പ്രിയപ്പെട്ട ജോലി ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല.മൃഗശാലയിലുണ്ടായിരുന്ന രാജവെമ്പാലകൾ ചത്തതിനെത്തുടർന്ന് മൂന്ന് മാസം മുമ്പാണ് പുതിയതായി മൂന്ന് രാജവെമ്പാലകളെ മംഗളൂരുവിൽ നിന്നും എത്തിച്ചത്. ഹർഷാദുമായി രാജവമ്പൊലകൾ ഇണങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

പാമ്പിൻകൂട് വൃത്തിയാക്കി പുറത്തിറങ്ങവെയാണ് ഹർഷാദിനെ രാജവെമ്പാല കടിച്ചത്. കടിയേറ്റിട്ടും പാമ്പ് പുറത്തു കടന്ന് മറ്റുള്ളവരെ കടിക്കാതിരിക്കാൻ കൂട് പൂട്ടിയ ശേഷമാണ് ഹർഷാദ് വിവരം സഹപ്രവർത്തകരെ അറിയിച്ചത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃഗശാലയിലെ ജീവനക്കാർക്ക് പാമ്പ് കടിയേറ്റാൽ മൃഗശാലയിൽ വെച്ചു തന്നെ ആന്റി വെനം കുത്തിവെപ്പ് നടത്തണം. എന്നാൽ ഹർഷാദിന് മൃഗശാലയിൽ വെച്ച് കുത്തിവെപ്പ് നടത്തിയില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.

ഹർഷാദായിരുന്നു കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം. സ്വന്തമായി വീടുപോലുമില്ലാത്ത കുടുംബം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അപ്രതീക്ഷിതമായി ഹർഷാദ് മടങ്ങുമ്പോൾ ഭാര്യ ഷീജയും മകൻ ഏഴാം ക്ലാസുകാരൻ അബിനും തനിച്ചാവുകയാണ്. മന്ത്രിചിഞ്ചുറാണിയും എംഎൽഎമാരായ ജി സ്റ്റീഫൻ, ഐബി സതീഷ് തുടങ്ങിയവർ ഹർഷാദിന്റെ വീട്ടിലെത്തി. ഹർഷാദിന്റെ കുടുംബത്തിന് അർഹമായ സഹായം നൽകുമെന്ന് മന്ത്രി ചിഞ്ചു റാണി അറിയിച്ചു.