ന്യൂഡൽഹി: കർണാൽ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കർഷകർ നടത്തി വന്ന ഉപരോധം പിൻവലിച്ചു. പൊലീസ് നടപടിയിലെ അന്വേഷണം, നഷ്ടപരിഹാരം എന്നിവയടക്കം സമരക്കാർ മുന്നോട്ട് വച്ച ആവശ്യങ്ങൾ ഹരിയാന സർക്കാർ അംഗീകരിച്ചതോടെയാണ് ഉപരോധം പിൻവലിച്ചതായി കർഷക നേതാക്കൾ അറിയിച്ചത്.

മിനി സെക്രട്ടേറിയറ്റിനു മുന്നിൽ 5 ദിവസമായി നടന്നുവന്ന സമരമാണ് കർഷകർ പിൻവലിച്ചത്. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്നും ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്നും സർക്കാർ കർഷകർക്ക് ഉറപ്പുനൽകി.

ഐതിഹാസിക പോരാട്ടത്തെ തകർക്കാനാകില്ലെന്ന് കർഷക നേതാവ് ഗുർ നാം ചടുനി മാധ്യമങ്ങളോട് പ്രതികരിച്ചു. കർണാലിൽ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് സംഘർഷത്തിൽ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി കർഷകർ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുകയായിരുന്നു.

കർഷകരുടെ തല തല്ലിപ്പൊളിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ മുൻ എസ്ഡിഎം ആയുഷ് സിൻഹയോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകും. കർഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തി ചാർജിൽ മരിച്ച കർഷകൻ സുശീൽ കാജലിന്റെ കുടുംബത്തിലെ രണ്ടുപേർക്ക് ജോലി നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു. പരുക്കേറ്റ കർഷകർക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ അറിയിച്ചു.

ഓഗസ്റ്റ് 28നാണ് കർണാലിൽ ലാത്തിച്ചാർജുണ്ടായത്. സമാധാനപരമായി സമരം ചെയ്ത കർഷകർക്കുനേരെ പൊലീസ് ലാത്തി പ്രയോഗിക്കുകയായിരുന്നു. എസ്ഡിഎം ആയുഷ് സിൻഹയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് ലാത്തിചാർജ് നടത്തിയതെന്നാണ് ആരോപണം.