കൊച്ചി: പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ വിദ്വേഷ മുദ്രവാക്യം മുഴക്കിയ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സംഘം കൊച്ചി പള്ളുരുത്തിയിലെ ഇവരുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കൗൺസിലിങിന് വിധേയമാക്കുമെന്നാണ് കരുതുന്നത്. മുദ്രാവാക്യം വിളിച്ചതിൽ കേസെടുത്തതിന് പിന്നാലെ കുട്ടിയേയും മാതാപിതാക്കളേയും കാണാതായിരുന്നു. ടൂറിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസെടുത്ത വിവരം അറിയുന്നതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ നൽകുന്ന വിശദീകരണം.

കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു. സംഭവത്തിൽ മുദ്രാവാക്യം ഏറ്റുവിളിച്ചവരടക്കം നിരവധി പോപ്പുലർഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിയിലാണ് കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.

അതേ സമയം ഇരട്ട നീതിയാണ് സംഭവത്തിൽ നടക്കുന്നതെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു. റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന സന്ദേശം ജനങ്ങളിൽ നിന്ന് രക്ഷിക്കുക എന്ന ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. കുട്ടിയും പിതാവും നേരത്തെ മാധ്യമങ്ങളെ കണ്ടിരുന്നു. റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്നും മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

'വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ല. ആരും വിളിക്കാൻ പറഞ്ഞതല്ല. സ്വയം തോന്നി വിളിച്ചതാണ് എൻ.ആർ.സിയുടെ പരിപാടിയിൽ നിന്നാണ് മുദ്രാവാക്യം വിളിക്കാൻ പഠിച്ചത്. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസെത്തി പിതാവിനെ കസ്റ്റഡിയിലെടുത്തത്.

പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാതാണെന്നുമാണ് പിതാവിന്റെ വാദം. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ഒരു മതത്തിനെതിരെയും പരാമർശം നടത്തിയിട്ടില്ലെന്നും ഒളിവിൽ പോയില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

''അഭിഭാഷകന്റെ നിർദ്ദേശമനുസരിച്ച് വന്നതാണ്. ഒളിവിലായിരുന്നില്ല. ടൂർ പോയതാണ്. മുദ്രാവാക്യം വിളിക്കുമ്പോൾ മകനോടൊപ്പം ഉണ്ടായിരുന്നു. ഇതിനു മുൻപ് വിളിച്ചിട്ടുള്ളതാണല്ലോ. എൻആർസി സമരത്തിൽ വിളിച്ചതാണ്. സംഭവത്തിൽ തെറ്റില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഹിന്ദുമതത്തിനെയോ കൃസ്ത്യൻ മതത്തിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഇതിൽ എന്താണ് പ്രശ്നമെന്ന് മനസ്സിലാവുന്നില്ല.''- കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

കേസിൽ ഇതുവരെ 20 പേരെയാണ് ഇതുവരെ റിമാൻഡ് ചെയ്തത്. റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. കുട്ടി എറണാകുളം ജില്ലക്കാരൻ ആണ്. ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകുമെന്നും കുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും കൊച്ചി കമ്മീഷനർ സിഎച്ച് നാഗരാജു പറഞ്ഞു.