കൊൽകത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമസംഭവങ്ങളിൽ സിബിഐ അന്വേഷണം നടത്താനുള്ള കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മമത സർക്കാർ. സിബിഐ പ്രവർത്തിക്കുന്നത് കേന്ദ്രത്തിന്റെ നിർദേശപ്രകാരമാണെന്ന് സംസ്ഥാന സർക്കാർ ഹർജിയിൽ ആരോപിച്ചു. സിബിഐ നിഷ്പക്ഷ അന്വേഷണം നടത്തില്ല എന്നും ബംഗാൾ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരമാണ് സിബിഐ പ്രവർത്തിക്കുന്നതെന്നും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ അവർ ലക്ഷ്യമിടുകയാണെന്നും കേന്ദ്ര ഏജൻസിയിൽ വിശ്വാസക്കുറവ് പ്രകടിപ്പിച്ചുകൊണ്ട് ബംഗാൾ സർക്കാർ ആരോപിച്ചു. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിനു ശേഷം നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ 31 കേസുകൾ സിബിഐ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന കൊലപാതകം, ബലാത്സംഗം, ബലാത്സംഗ ശ്രമം എന്നിവയെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്താൻ ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നാണ് കൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. മറ്റ് ക്രിമിനൽ കേസുകൾ അന്വേഷിക്കാൻ റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘവും രൂപവത്കരിച്ചു.

തിരഞ്ഞെടുപ്പിനെത്തുടർന്ന് സംസ്ഥാനത്തുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിരുന്നു. മമത ബാനർജി സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട്. സംസ്ഥാനത്ത് നിയമവാഴ്ചയ്ക്ക് പകരം ഭരണാധികാരിയുടെ നിയമമാണ് നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

എന്നാൽ, കേന്ദ്രം തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്.

അതേസമയം, പശ്ചിമ ബംഗാളിലെ കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മമത ബാനർജിയുടെ സഹോദരപുത്രനും ഡയമണ്ട് ഹാർബർ എംപിയുമായ അഭിഷേക് ബാനർജിയെയും ഭാര്യയേയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യാൻ വിളിപ്പിച്ചു. ഭാര്യ രുജിറ ബാനർജിയോട് സെപ്റ്റംബർ ഒന്നിനും അഭിഷേകിനോട് സെപ്റ്റംബർ ആറിനും ഇ.ഡിക്ക് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.