കൊച്ചി: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനത്തിൽ സംസ്ഥാന സർക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ വിമർശനം. ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്താൻ സർക്കാരിനും പൊലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.

ക്ഷേത്ര കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാറിന്റെ റോൾ എന്താണ്. വെർച്വൽ ക്യു ഏർപ്പെടുത്താൻ ദേവസ്വം ബഞ്ചിന്റെ അനുമതി ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. ശബരിമലയിലെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണെന്നും കോടതി പറഞ്ഞു. വെർച്വൽ ക്യൂ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകിയതിനേയും കോടതി വിമർശിച്ചു.

ക്ഷേത്ര കാര്യങ്ങൾ തീരുമാനിക്കേണ്ടത് തിരുവിതാംകൂർ ദേവസ്വംബോർഡ് ആണെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് പൊലീസും സർക്കാരും ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നത്, വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തുന്നത് ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണോയെന്നും കോടതി ചോദിച്ചു. ശബരിമലയിൽ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണെന്ന് കോടതി പറയുമ്പോൾ സർക്കാർ കൂടുതൽ വിശദീകരണം ഈ വിഷയത്തിൽ നൽകേണ്ടി വരും.

വെർച്വൽ ക്യു ഏർപ്പെടുത്തിയതിൽ സദുദ്ദേശം മാത്രമാണുള്ളതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സുഗമമായ ദർശനത്തിനാണ് വെർച്വൽ ക്യു കൊണ്ടുവന്നത്. 2011 മുതൽ വെർച്വൽ ക്യു നിലവിലുണ്ട്. ഇതുവരെ കാര്യമായ പരാതികള് ഉണ്ടായിട്ടില്ല. 2019 ലെ കോവിഡ് സാഹചര്യത്തിൽ മാത്രമാണ് ദർശനം വെർച്വൽ ക്യു വഴി ആക്കിയത്.

80 ലക്ഷം പേർക്ക് വെർച്വൽ ക്യു വഴി ദർശനം നടത്താൻ അനുമതി നൽകിയെന്നും സർക്കാർ അറിയിച്ചു. ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ബോർഡിനാണ് വെർച്വൽ ക്യു ഏർപ്പെടുത്താൻ അധികാരമെന്ന സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയിൽ പറഞ്ഞു.