തിരുവനന്തപുരം: കോവിഡിന്റെ കാര്യത്തിൽ കേരളം സ്വീകരിക്കുന്ന നടപടികൾ വേണ്ടത്ര ഫലപ്രദമാകുന്നില്ല.ഓമിക്രോൺ ബാധ അതിരുവിട്ടതോടെ വീണ്ടും കർശനിർദ്ദേശവും വിമർശനവുമായി കേന്ദ്രആരോഗ്യമന്ത്രാലയം രംഗത്തെത്തി.സംസ്ഥാനത്തിന്റെ പ്രധാന വീഴ്ച നിയന്ത്രണ (കണ്ടെയ്ന്മെന്റ്) നടപടികളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ കേരളം പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. എന്നാൽ, ആർക്കും എവിടെയും നിയന്ത്രണങ്ങളില്ലാതെ പോകാമെന്നതുൾപ്പെടെയുള്ള അവസ്ഥ ഈ ഘട്ടത്തിൽ ആശാസ്യമല്ലെന്നു രാജേഷ് ഭൂഷൺ വ്യക്തമാക്കി.

കോവിഡ് പരിശോധനയിൽ ആർടിപിസിആർ ആനുപാതികമായി നടത്താതെ ആന്റിജനെ ആശ്രയിക്കുന്നുവെന്നായിരുന്നു നേരത്തെ കേരളത്തെക്കുറിച്ചുള്ള പ്രധാന പരാതി. ഇക്കാര്യത്തിൽ സംസ്ഥാനം നില മെച്ചപ്പെടുത്തി. ഇന്നലെ ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം 67% പരിശോധനകളും ആർടിപിസിആർ വഴിയാണ്. കോവിഡ് പരിശോധനയുടെ കാര്യത്തിൽ ഇതു മെച്ചപ്പെട്ട സ്ഥിതിയാണെന്നു രാജേഷ് ഭൂഷൺ പറഞ്ഞു. എന്നാൽ, തുടക്കത്തിൽ കണ്ടെയ്ന്മെന്റ് മേഖല തിരിച്ചു നടത്തിയ കോവിഡ് പ്രതിരോധ രീതി പിന്നീടു വേണ്ടെന്നുവച്ചു.

ആൾക്കൂട്ടമുള്ള പരിപാടികൾ നടത്താനും കോവിഡ് കരുതൽ നിർദേശങ്ങൾ പാലിക്കാതെ ആർക്കും എവിടെയും ചെല്ലാമെന്നുമുള്ള അവസ്ഥ നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര മാർഗരേഖ പിന്തുടരണമെന്നു നിർദേശിച്ച് ആരോഗ്യമന്ത്രാലയം കേരളത്തിനു കത്തയച്ചിരുന്നു. അതേസമയം വരുംദിവസങ്ങളിൽ കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയയ്ക്കുമെന്ന് രാജേഷ് ഭൂഷൺ വ്യക്തമാക്കി. കോവിഡ് കേസുകൾ കൂടി നിൽക്കുകയും പരിശോധനയിൽ വീഴ്ച സംഭവിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലേക്കാണു കേന്ദ്ര സംഘത്തെ അയയ്ക്കുന്നത്. 3 ദിവസത്തിനുള്ളിൽ കേന്ദ്ര സംഘങ്ങൾ വിവിധ സംസ്ഥാനങ്ങളിലെത്തും.

കേരളത്തിലെയും മിസോറമിലെയും കോവിഡ് സ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നും ഇത് ആശങ്കയ്ക്ക് വക നൽകുന്നതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മിസോറമിൽ 8.2%, കേരളത്തിൽ 6.1% എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ടാഴ്ചത്തെ സ്ഥിരീകരണ നിരക്ക്. സ്ഥിരീകരണ നിരക്ക് 5 ശതമാനത്തിനു മുകളിൽ തുടരുന്നതിനെ കരുതലോടെ കാണണമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിരീകരണ നിരക്ക് 5 ശതമാനത്തിനു മുകളിലുള്ള 9 ജില്ലകൾ കേരളത്തിലുണ്ട്. ഇതിൽ തിരുവനന്തപുരത്തും (8.66%) കോട്ടയത്തുമാണ് (8.26%) ഏറ്റവും കൂടുതൽ.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 46 % കേരളത്തിൽ നിന്നാണ്. കേരളത്തിൽ ഓരോ 10 ലക്ഷം പേരിലും 1274 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. ദേശീയ തലത്തിൽ ഇത് 72 ആണ്. അതേസമയം, പരിശോധനയിൽ കേരളം ദേശീയ ശരാശരിയെക്കാൾ മുന്നിലാണ്. ഓരോ 10 ലക്ഷത്തിലും 19,894 പരിശോധന കേരളത്തിൽ നടക്കുന്നു. ഇതിൽ 67% ആർടിപിസിആർ ആണ്. ദേശീയതലത്തിൽ ഇത് 62% മാത്രം.