തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് ഡ്യൂട്ടിക്കിടയിൽ ഡോ. രാഹുലിനെ മർദ്ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഈ വിഷയത്തിൽ ഡോ രാഹുലിന്റെ വിഷമം മനസിലാക്കുന്നു. ഇതുപോലുള്ള സംഭവങ്ങളിൽ അതിശക്തമായ നടപടിയുണ്ടാകും. ഈ സംഭവത്തിൽ അദ്ദേഹത്തിനൊപ്പമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു എന്നാണറിയാൻ കഴിഞ്ഞത്. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കുകയില്ല. ശക്തമായി അതിനെ എതിർക്കും. ഇത്തരം സംഭവങ്ങളിൽ സർക്കാരിന് കൃത്യമായ നിലപാടുകൾ തന്നെയാണുള്ളത്.

ഡോക്ടർ സമൂഹത്തിന്റെ വിഷമം മനസിലാക്കുന്നുണ്ട്. കോവിഡ് മഹാമാരി സമയത്ത് വലിയ കഠിനാധ്വാനം ചെയ്യുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അതിനാൽ തന്നെ അവർക്കെതിരായ അതിക്രമങ്ങൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.