തിരുവനന്തപുരം: കോവിഡ് കാലത്തെ അതിജീവനത്തെ പ്രതിസന്ധിയിലാക്കുന്ന വലിയ തോതിലുള്ള തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. അതിൽ തന്നെ അംഗപരിമിതി മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു വിഭാഗം മുന്നോട്ടുള്ള വഴിമുട്ടി വീടുകളിൽ കഴിയുന്നുണ്ട്. താനടങ്ങുന്ന അത്തരക്കാർക്കുവേണ്ടി സർക്കാർ ഇടപെടലാവശ്യപ്പെട്ട് നിവേദനം കൈമാറാനാണ് ഷാനവാസ് പഴകുളം മെഡിക്കൽ കോളേജിലെത്തിയത്.

ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജിന്റെ മെഡിക്കൽ കോളേജ് സന്ദർശനത്തിനിടെ അവിടെയെത്തിയ ഷാനവാസ് മന്ത്രിയുടെ തിരക്കൊഴിയുന്നവരെ കാത്തുനിൽക്കാമെന്നോർത്ത് മാറി നിന്നു. അംഗപരിമിതി നേരിടുന്ന ഷാനവാസ് വീൽചെയറിലാണ് എത്തിയത്. മാധ്യമപ്രവർത്തകർക്കടുത്തേയ്ക്ക് നീങ്ങിയ മന്ത്രി വീൽചെയറിലിരിക്കുന്ന ഷാനവാസിനെ കണ്ടതും അദ്ദേഹത്തിനടുത്തെത്തി വിവരം തിരക്കുകയായിരുന്നു.  നിരവധി അംഗപരിമിതർ തൊഴിലില്ലാതെ വീട്ടിൽ കഴിയുന്നുവെന്നും അവർക്കുവേണ്ടിയാണ് തന്റെ നിവേദനമെന്നും ഷാനവാസ് മന്ത്രിയോടു പറഞ്ഞു. ഷാനവാസിന്റെ നിവേദനം സ്വീകരിച്ച മന്ത്രി വേണ്ട നടപടി സ്വീകരിക്കാമെന്നും മറുപടി നൽകി.

ആശുപത്രിക്കുള്ളിലും പുതിയ മന്ത്രിയെ കാണാൻ കാത്തുനിന്ന ശുചീകരണത്തൊഴിലാളികൾക്കടുത്തേയ്ക്കും മന്ത്രി പോയി വിശേഷങ്ങൾ ആരാഞ്ഞു. വാർഡിനുള്ളിലെ രോഗികളും കൂട്ടിരിപ്പുകാരും മന്ത്രിയെ കാണാൻ തിരക്കുകൂട്ടി. എല്ലാവരോടും വിവരങ്ങൾ ആരായുകയും മറ്റൊരവസരത്തിൽ വീണ്ടും കാണാമെന്നും പറഞ്ഞ് മന്ത്രി യാത്രയായി.