തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകിയ നടൻ മോഹൻലാലിന് നന്ദി രേഖപ്പെടുത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് പ്രതിരോധത്തിന് മോഹൻലാൽ വാഗ്ദാനം ചെയ്ത പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.

മന്ത്രിയുടെ കുറിപ്പിൽനിന്ന്

കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകിയ മലയാളത്തിന്റെ പ്രിയ നടൻ . മോഹൻലാലിന് ഹൃദയം നിറഞ്ഞ നന്ദി. പിറന്നാൾ ദിനത്തിൽ ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളാണ് മോഹൻലാൽ തന്നത്.

ഓക്സിജൻ കിടക്കകൾ, വെന്റിലേറ്റർ, ഐസിയു കിടക്കകൾ, എക്സ്-റേ മെഷീനുകൾ എന്നിവയുൾപ്പെടെയാണ് സംഭവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിലെ വാർഡുകളിലേക്ക് ആവശ്യമായ ഓക്സിജൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള സഹായവും നൽകി.

ഇന്ന് രാവിലെ ഫോണിൽ വിളിച്ച്, ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതിൽ മോഹൻലാൽ ആശംസകൾ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ഉൾപ്പെടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ അദ്ദേഹം നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നു.