തിരുവനന്തപുരം: കേരളത്തിലെ വിവിധ മേഖലകളിൽ കനത്ത മഴ. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് കനത്ത മഴയും കാറ്റും നാശം വിതച്ച് തുടരുന്നത്. വടക്കൻ കേരളത്തിൽ കനത്ത മഴ ലഭിക്കുമ്പോൾ മധ്യകേരളത്തിൽ കാറ്റും മഴയും നാശം വിതയ്ക്കുകയാണ്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ മലയോര മേഖലയിൽ വൻ നാശ നഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിശക്തമായ കാറ്റിൽ മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വൻ തോതിൽ കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഒരിടത്തും ആളപായമില്ല.

എറണാകുളം ജില്ലയുടെ പലമേഖലയിലും പുലർച്ചെ അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. പറവൂർ തത്തംപള്ളിയിൽ അതിശക്തമായ ചുഴലിക്കാറ്റിന് സമാനമായ കാറ്റ് വീശിയടിച്ചു. മരങ്ങൾ കടപുഴകി വീണുൾപ്പെടെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയായ മുഴുവന്നൂരിലും കാറ്റിൽ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. കുന്നത്തുനാട് മേഖലയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുലർച്ചെ തുടങ്ങിയ മഴ നിർത്താതെ പെയ്യുകയാണ്. എറണാകുളം ജില്ലയിലെ പല പഞ്ചായത്തുകളിലും മഴ തുടരുകയാണ്. മലയോര മേഖലയിലാണ് കൂടുതൽ നാശനഷ്ടം

കോട്ടയം രാമപുരം മേതിരിയിലും നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ആറ് വീടുകൾക്ക് മുകളിൽ മരം കടപുഴകി വീണതായി വിവരമുണ്ട്. പുലർച്ച അഞ്ചരയോടെയായിരുന്നു കനത്ത കാറ്റ് വീശിയത്. വൈദ്യുത ബന്ധവും പലയിടത്തും തകരാറിലായി.

ഇടുക്കിയിലും കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം റിപ്പോർട്ട് ചെയ്തു. തൊടുപുഴ പടിഞ്ഞാറെ കോടിക്കുളത്ത് വീടുകൾക്ക് മുകളിൽ മരം ഒടിഞ്ഞുവീണു. അളപായമില്ല. മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിന്റെ വടക്കൻ മേഖലയിലും കനത്ത മഴ തുടരുകയാണ്.