നൈനിറ്റാൾ: ഉത്തരാഖണ്ഡ് പ്രളയത്തിൽ മരണം 35 ആയി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുകയാണ്. ദുരന്ത നിവാരണ സേനയെ കൂടാതെ കര,വ്യോമസേനകൾ കൂടി രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.

മേഘവിസ്‌ഫോടനത്തെ തുടർന്ന് നൈനിറ്റാളിലെ റിസോർട്ടിൽ കുടുങ്ങിയ 200 പേരെ രക്ഷപ്പെടുത്തി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി.

രണ്ട് ദിവസമായി പെയ്യുന്ന മഴ കഴിഞ്ഞ രാത്രിയോടെയാണ് ഉത്തരാഖണ്ഡിൽ പ്രളയം കനത്ത നാശം വിതച്ചത്. നൈനിറ്റാളിലെ രാംഗഡ് ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം മൂലം കനത്ത നാശമുണ്ടായത്. മൂന്ന് പ്രധാനപാതകളിൽ മണ്ണും പാറയും ഇടിഞ്ഞുവീണതോടെ നൈനിറ്റാൾ പൂർണ്ണമായും ഒറ്റപ്പെട്ടു. പൗരി, ചമ്പാവത്, അൽമോര, ഉദ്ധംസിങ് നഗർ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്.

നൈനിറ്റാളിൽ മാത്രം 16 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ചുറ്റം വെള്ളം നിറഞ്ഞതിനെ തുടർന്ന്‌നൈനിറ്റാളിലെ ലെമൺ ട്രീ റിസോർട്ടിൽ കുടുങ്ങിയ 200 പേരെ രക്ഷപ്പെടുത്തി. സംസ്ഥാന ദുരന്ത നിവാരണ സേനക്കൊപ്പം കരസേനയും, വ്യോമസേനയുടെ മൂന്ന് ഹെലികോപറ്ററുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ദുരന്ത ബാധിത മേഖലകളിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ആകാശനിരീക്ഷണം നടത്തി.

പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ഥിതി വൈകാതെ മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത് - പുഷ്‌കർ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു. ബദരീനാഥ് ദേശീയ പാതയിൽ യാത്രക്കാരുമായി പോകവേ മലയിടിച്ചിലിൽ പെട്ട കാർ സാഹസികമായാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തു.

കാറിലെ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് റിപ്പോർട്ട്. ഗൗല നദിക്ക് സമീപം റയിൽ പാത ഒലിച്ചു പോയിട്ടുണ്ട്. ഈ നദിക്ക് കുറുകെയുള്ള പാലവും തകർന്നു. ബദരീനാഥ് ക്ഷേത്രത്തിലും, ജോഷിമഠിലുമായി നിരവധി തീർത്ഥാടകർ കുടുങ്ങി കിടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര വിലക്കിയിരിക്കുകയാണ്.