മുംബൈ: മുംബൈയിൽ പേമാരി പെയ്ത് ശമനമില്ലാതെ തുടരുന്നു. മഴക്കെടുതിയിൽ വിവിധയിടങ്ങളിലായി മരണം ഇരുപത് കടന്നു. ചെമ്പൂരിൽ വലിയ മതിൽ ഇടിഞ്ഞു വീണാണ് കുടുതൽ മരണം സംഭവിച്ചത്. ആദ്യ വിവരണം പുറത്ത് വന്നപ്പോൾ മരണം 7 ഓളമായിരുന്നു. പിന്നീട് ദേശീയ ദുരന്തനിവാരണ സേന എത്തിയതിനുശഷം ഒരു സ്ത്രീയുടെ ഉൾപ്പടെ മുന്നു മൃതദേഹവും കണ്ടെത്തി. ഇതോടെ മരണസംഖ്യ പത്തായി ഉയർന്നു. 16 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

വിക്രോളിയിൽ ഇരുനില കെട്ടിടം തകർന്ന് വീണ് 3 പേർ മരിച്ചു. 2 പേർ പരിക്കുകളോടെ ചികിത്സയിലാണ്. മൃതദേഹങ്ങൾ ഗാഡ്കൂപരിലെ സർക്കാർ ആശുപത്രിയിലാണ്.മരിച്ചവരുടെ കുടംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് അമ്പതിനായിരം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.വെള്ളക്കെട്ട് രൂക്ഷമായതിനാൽ പൊതുഗതം പലയിടത്തും തടസപ്പെട്ടിട്ടുണ്ട്.മുംബൈയിൽ ഇന്ന് റെഡ് അലർട്ടാണ്.

നിർത്താതെ പെയ്യുന്ന മഴയെ തുടർന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയും മഴ തുടർന്നതോടെ മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു. സെൻട്രൽ മെയിൻ ലൈൻ, ഹാർബർ ലൈൻ എന്നിവിടങ്ങളിലെ സർവീസുകളെയാണ് കനത്ത മഴ ബാധിച്ചത്.രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ബി.എം.സി അറിയിച്ചു.മഴയുടെ ശക്തി കുറയാത്തതിനാൽ നാശനഷ്ടം ഉയർന്നേക്കുമെന്നാണ് വിവരം