ചെന്നൈ: ചെന്നൈയിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ നഗരത്തിന് സമീപത്തെ മൂന്ന് ജലസംഭരണികൾ തുറന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. പാതിയിലധികം റോഡുകളിലും ഒരടിയിൽ കൂടുതൽ വെള്ളം കയറി. ഇതോടെ വീണ്ടും പ്രളയമെത്തുമോ എന്ന ഭയപ്പാടിലാണ് ചെന്നൈ നഗരവാസികൾ.

ചില താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിലേക്കും വെള്ളം എത്തിത്തുടങ്ങി. നൂറോളം പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്. അവശ്യഘട്ടത്തിൽ നഗരത്തിലെ സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റാൻ നടപടി ആരംഭിച്ചു. ചെമ്പരാമ്പാക്കം, പൂണ്ടി, പുഴൽ ജലസംഭരണികളിൽനിന്ന് ചെറിയ അളവിൽ വെള്ളം തുറന്നുവിട്ടുതുടങ്ങി.

ഇന്നലെ രാത്രി മുതൽ രാവിലെ എട്ട് മണിവരെ തുടർച്ചയായി പെയ്ത മഴയാണ് വെള്ളക്കെട്ടിന് കാരണം. രാവിലെ മുതൽ ഇടവിട്ടേ മഴ പെയ്യുന്നുള്ളു എന്നത് ആശ്വാസം പകരുന്നു. അടുത്ത രണ്ടുദിവസം തമിഴ്‌നാട്ടിലെ വടക്ക് ഭാഗത്തെ തീരദേശ ജില്ലകളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചെന്നൈ, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദർശിച്ചു.

ട്രെയിൻ, റോഡ് ഗതാഗതത്തെ മഴ ബാധിച്ചിട്ടുണ്ട്. നഗരത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയും തയ്യാറായി നിൽക്കുന്നു. ഇന്ന് രാത്രി മഴ പെയ്തില്ലെങ്കിൽ സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷ.