തിരുവനന്തപുരം: ഫ്‌ളാറ്റ് തട്ടിപ്പ് കേസിൽ പ്രമുഖ ബിൽഡർ ഹീര ബാബു അറസ്റ്റിൽ. ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ബാബുവിനെതിരെ ഉണ്ടായിരുന്നു. 2019ലെ കേസിലാണ് അറസ്റ്റ്. കവടിയാറിലെ വസതിയിൽ നിന്നാണ് ബാബുവിനെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിവരങ്ങൾ മറുനാടനോട് പങ്കുവയ്ക്കാൻ പൊലീസ് സന്നദ്ധമായില്ല.

വലിയ പ്രതിസന്ധിയിലേക്ക് ഹീരയും ബാബുവും നീങ്ങുന്നതായി മറുനാടൻ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. 2015ൽ തുടങ്ങിയ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ നിയമ നടപടികൾ തുടങ്ങിരുന്നു, അബ്ദുൾ റഷീദ് അലിയാർ കുഞ്ഞെന്ന ഹീരാ ബാബുവാണ് മാനേജിങ് ഡയറക്ടർ. ഹീരാ ബാബുവിനെ കൂടാതെ ഭാര്യ സുനിത, മക്കളായ സുറുമി, സുബിൻ, റസ്വിൻ എന്നിവരാണ് കമ്പനിയിലെ മറ്റ് ഡയറക്ടർമാർ. അതായത് കുടുംബ സ്വത്തായി കൊണ്ടു നടന്ന കമ്പനിയെയാണ് ഹീര ബാബു പാപ്പരാക്കിയത്. ഇതിന് പുറമേ മറ്റ് പത്തോളം കമ്പനിയും ഹീരാ ബാബുവിന്റെ പേരിലുണ്ട്. കൺസ്ട്രക്ഷൻ വ്യവസായത്തിലെ പണം വകതിരിച്ചു വിട്ടാണ് ഈ കമ്പനികൾ രൂപീകരിച്ചതെന്നും ആരോപണമുണ്ട്.

1991ലാണ് ഹീരാ കൺസ്ട്രക്ഷൻ കമ്പനി രൂപീകരിച്ചത്. അതിന് ശേഷം 1995ൽ ഹീരാ സമ്മർ ഹോളിഡേ ഹാംസും രൂപീകരിച്ചു. ബാക്കിയെല്ലാ കമ്പനിയും 2007ന് ശേഷമാണ് രൂപീകരിച്ചത്. കമ്പനിയിലെ പ്രതിസന്ധി തുടങ്ങിയ ശേഷവും നിരവധി കൺസ്ട്രക്ഷൻ കമ്പനികൾ ഹീരാ ബാബു രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിലും ഹീരാ ബാബുവും കുടുംബംഗങ്ങളുമാണ് ഡയറക്ടർമാരായുള്ളത്.

നോട്ട് നിരോധനത്തോടെയാണ് ഹീരാ ബാബു പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്ന കെഎഫ്സി ഹീരയിൽ നിന്നും തിരിച്ചു കിട്ടാനുള്ള തുകയ്ക്കായി ലേല നടപടികൾ തുടങ്ങിയതോടെയാണ് പ്രതിസന്ധി പുറത്തു വന്നത്. വായ്പാ കുടിശികയെത്തുടർന്ന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(കെ.എഫ്.സി) ജപ്തി ചെയ്ത കേരളത്തിലെ പ്രമുഖ ഫ്ളാറ്റ് നിർമ്മാതാക്കാളായ ഹീരയുടെ തൃപ്പൂണിത്തുറയിലുള്ള ഹീര ലൈഫ് സ്‌റ്റൈൽ എന്ന ബഹുനില വ്യാപാര സമുച്ചയം ലേലത്തിന് വച്ചു. 160000 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്നുനില ഷോപ്പിങ് കോംപ്ലക്സിന് ഇരുപത്തി ഒൻപത് കോടി രൂപയാണ് കെ.എഫ്.സി വിലയിട്ടത്.

വായ്പാ തിരിച്ചടവിൽ കുടിശിക വരുത്തിയതിനെത്തുടർന്ന് 2015 ഒക്ടോബർ 16-ന് ആണ് കെ.എഫ്.സി ഹീര ഗ്രൂപ്പിന് നോട്ടീസ് നൽകിയത്. എന്നാൽ പലിശ അടയ്ക്കാൻ വായ്‌പ്പക്കാരൻ തയാറായില്ല. അത്രയേറെ പ്രതിസന്ധിയിലാണ് ഹീര. ഇതേത്തുടർന്ന് 2016 ജനുവരി 13- ജപ്തി നോട്ടീസ് നൽകുകയും ഈ വാണിജ്യ സമുച്ചയം കെ.എഫ്.സി ഏറ്റെടുക്കുകയുമായിരുന്നു. നോട്ട് നിരോധിച്ചതും ബിനാമി ഇടപാടുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കർശന നടപടിയെടുത്തതുമാണ് ഹീര ഗ്രൂപ്പിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് സൂചന. വായ്പാതിരിച്ചടവ് മുങ്ങിയതിനെത്തുടർന്ന് ഹീരയുടെ നാല് സ്ഥലങ്ങൾ പഞ്ചാബ് നാഷണൽ ബാങ്കും ജപ്തി ചെയ്തിരുന്നു.

കെ.എഫ്.സിയിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഹീരയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ സംശയാസ്പദ അക്കൗണ്ടുകളാക്കി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് ഹീരാ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് താലൂക്കിലെ 2 സ്ഥലങ്ങൾ, ഹീരാ ഗ്രൂപ്പിന്റെ ഉടമ ഹീരാ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 2 സ്ഥലങ്ങൾ എന്നിവയാണ് ജപ്തി ചെയ്തത്. നെടുമങ്ങാട് താലൂക്കിലെ പനവൂർ വില്ലേജിലാണ് സ്ഥലങ്ങൾ. ഹീര ലൈഫ് സ്‌റ്റൈൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ കവടിയാറിലുള്ള സ്ഥലവും ബാങ്ക് കൈവശപ്പെടുത്തി. 14 കോടി 11 ലക്ഷം രൂപയുടെ ഒരു ലോണും 16 കോടി 2 ലക്ഷം രൂപയുടെ മറ്റൊരു ലോണുമാണ് ഹീരാ ബാങ്കിൽ നിന്ന് എടുത്തിരുന്നത്.

കേരളത്തിലെ മുൻനിര മാധ്യമങ്ങളുടെ അടുപ്പക്കാരനും പരസ്യദാതാവുമാണണ് ഹീര ബാബു. കേരളത്തിന് അകത്തും പുറത്തുമായി അനേകം സ്ഥലങ്ങളിൽ ഒട്ടേറെ ഫ്ളാറ്റുകളും വില്ലകളും പണിപൂർത്തിയാക്കുകയും അനേകം പ്രോജക്ടുകൾ ഒരേസമയം നടപ്പിലാക്കുകയും ചെയ്യുന്ന വൻകിട ബിൽഡേഴ്‌സിന്റെ തകർച്ചയുടെ വാർത്തകൾ മുൻ നിര പത്രങ്ങൾ പോലും വാർത്തയാക്കിയിട്ടില്ല. ഗോവ ആസ്ഥാനമായുള്ള ഹീരാ ഗ്രൂപ്പിന്റെ കേരളത്തിലെ ആസ്ഥാനം തിരുവനന്തപുരത്താണ്. ഹീരാ ഗ്രൂപ്പിന്റെ അമരക്കാരനായ ഡോ.ബാബു സ്വന്തം ജില്ലയായ തിരുവനന്തപുരത്ത് എൻജിനീയറിങ് കോളേജ് അടക്കം സ്ഥാപിച്ചിരുന്നു. കുടുംബവുമൊത്ത് തിരുവനന്തപുരത്ത് കവടിയാറിലാണ് ഡോ.ബാബു താമസിച്ചിരുന്നത്.