വാഷിങ്ടൺ: കരീബിയൻ രാജ്യമായ ഹെയ്തിയിൽ പ്രസിഡന്റ് ജൊവനൽ മോയിസിനെ വെടിവെച്ചുകൊന്നു. കമാൻഡോ സംഘം രാത്രിയിൽ പോർട്ടോ പ്രിൻസിലെ സ്വവസതിയിൽ കയറി അതിക്രമിച്ചുകയറി വെടിവെച്ചുകൊല്ലുകയായിരുന്നു. ഭാര്യക്ക് പരിക്കേറ്റു. കടുത്ത ദാരിദ്ര്യം വേട്ടയാടുന്ന രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത പ്രശ്‌നമായി തുടരുന്നതിനിടെയാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി രാത്രിയിൽ കൊലപ്പെടുത്തിയത്.

തെരുവുകൾ കീഴടക്കി കൊള്ളസംഘങ്ങൾ വാഴുന്ന രാജ്യത്ത് പൊലീസിന് നിയന്ത്രണം ഏറ്റെടുക്കാനാവാത്ത വിധം കഠിനമായ രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുകയാണ്. 2017ൽ അധികാരമേറ്റതു മുതൽ മോയ്‌സിനെതിരെ ശക്തമായ പ്രക്ഷോഭം രാജ്യത്ത് തുടരുന്നുണ്ട്. ഏകാധിപത്യം സ്ഥാപിക്കാൻ മോയ്‌സ് ശ്രമം നടത്തുന്നുവെന്നാണ് ആക്ഷേപം.