തിരുവനന്തപുരം: അച്ഛനും അമ്മയും അപ്പുപ്പനും മരിച്ച് ആശ്രയമില്ലാതെ പ്ലാമൂട്ടുക്കട നല്ലൂർവെട്ടം മഠത്തുവിളാകത്ത് വീട്ടിൽ കഴിയുന്ന ആശ എന്ന പതിനെട്ടുകാരിയുടെ വാർത്ത എല്ലാ മലയാളികളുടെയും കരളലിയിക്കുന്നതായിരുന്നു. കഴിഞ്ഞ ഏതാനും രണ്ട് മാസത്തിനുള്ളിലായിരുന്നു എല്ലാ വിയോഗങ്ങളും ആശയെ തേടി വന്നത്.

നന്നായി എംബ്രോഡറി വർക്കുകൾ ചെയ്യുന്ന ആശയ്ക്ക് ഒരു ഫാഷൻ ഡിസൈനറാകാനാണ് ആഗ്രഹം. തുന്നൽപണികളിൽ വിദഗ്ധയായ ആശയാണ് സമീപവീടുകളിലെ കല്യാണങ്ങൾക്കടക്കം എംബ്രോഡറി വർക്കുകൾ ചെയ്തുകൊടുക്കുന്നത്. മികച്ച എംബ്രോഡററായ ആശയുടെ വർക്കുകൾ ആവശ്യക്കാർക്ക് ഏറെയാണ്. എന്നാൽ വീട്ടിലെ അവസ്ഥകൾ ഈ പെൺകുട്ടിയെ പ്രതിസന്ധിയിലാക്കുന്നു. ഫാഷൻ ഡിസൈനർ എന്നതിൽ അപ്പുറം ഒരു ദിവസത്തെ ജീവിതം പോലും എങ്ങനെ മുമ്പോട്ട് കൊണ്ടു പോകാൻ കഴിയുമെന്ന് അറിയാത്ത ജീവിത സാഹചര്യം.

ആദ്യം അർബുദം അച്ഛനെയും, പിന്നെ പത്ത് ദിവസങ്ങൾക്ക് മുമ്പ് കോവിഡ് അമ്മയേയും, ഏറ്റവുമൊടുവിൽ ഏകആശ്രയമായിരുന്ന അപ്പുപ്പനേയും മരണം കൊണ്ടുപോയി. ഇപ്പോൾ കുടുംബവീടിന് സമീപത്തുള്ള പഞ്ചായത്ത് ലൈബ്രേറിയനായ കൊച്ചച്ചന്റെ വീട്ടിലാണ് ആശ നിൽക്കുന്നത്. എത്രനാൾ മറ്റുള്ളവരെ ആശ്രയിക്കുമെന്ന ചിന്തയിലാണ് ഈ പതിനെട്ടുകാരി. എട്ടാംക്ലാസ് മുതൽ കുളത്തൂർ ഗവൺമെന്റ് സ്‌കൂളിൽ പഠിച്ചിരുന്ന ആശ പ്ലസ്ടൂ കഴിഞ്ഞ് എയർപോർട്ട് മാനേജ്മെന്റ് പഠിക്കാൻ ചേർന്നെങ്കിലും അച്ഛന് രോഗം സ്ഥിരീകരിച്ചതിനെ ക്ലാസിന് പോകാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ ഉറ്റവരെല്ലാം നഷ്ടമായി.

ആശയുടെ അവസ്ഥ അറിയാവുന്ന അയൽക്കാരൻ കൂടിയായ സിപിഎം പാറശാല മുൻ ഏര്യാ സെക്രട്ടറി കടകുളം ശശിയാണ് ആശയുടെ മുന്നിലെ വലിയ പ്രതീക്ഷ. രാഷ്ട്രീയത്തിന് അപ്പുറത്തേക്കുള്ള കൂട്ടായ്മയിലേക്ക് ഈ പെൺകുട്ടിയുടെ വേദന എത്തിയതിന് പിന്നിലും ശശിയുടെ പങ്കു വലുതാണ്. മറുനാടൻ മലയാളിയും ഇന്നലെ വിശദമായി തന്നെ വാർത്ത ചെയ്തിരുന്നു. വാർത്ത കണ്ട് സഹായവാഗ്ദാനങ്ങളുമായി നിരവധിപേർ വിളിച്ചിരുന്നെന്ന് ആശയുടെ ബന്ധുക്കൾ പറയുന്നു. അങ്ങനെ സുമനസ്സുകൾ ആശയ്ക്ക് വേണ്ടി ഒരുമിക്കുകയാണ്.

ആശയുടെ സംരക്ഷണവും വിദ്യാഭ്യാസവുമടക്കമുള്ള എല്ലാ സഹായങ്ങളും എൻ.എസ്.എസ്. നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ബന്ധുക്കൾക്കു വാഗ്ദാനം ചെയ്തു. കാരോട് എൻ.എസ്.എസ്. കരയോഗ ഭാരവാഹികൾക്കൊപ്പം അദ്ദേഹം ആശെ സാന്ത്വനിപ്പിക്കാൻ നേരിട്ടെത്തുകയും ചെയ്തു. പത്തനംതിട്ട കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനാ പ്രവർത്തകർ ഫോണിൽ ആശയുമായി സംസാരിച്ചിരുന്നു.

എല്ലാ സഹായങ്ങളും അവരും വാഗ്ദാനംചെയ്തു. മുത്തച്ഛന്റെയും അമ്മയുടെയും വേർപാടിന്റെ ദുഃഖത്തിലുള്ള ആശയെ ഒരാഴ്ചയ്ക്കു ശേഷം നേരിട്ടെത്തി ബന്ധുക്കളോടും ആശയോടും കാര്യങ്ങൾ ചർച്ചചെയ്യുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. പട്ടാമ്പി കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു സന്നദ്ധസംഘടനയും ആശയ്ക്കു സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു മനുഷ്യാവകാശ സംഘടനയും സഹായം നൽകാമെന്നറിയിച്ചു. സർക്കാരിൽനിന്നു സഹായം ലഭ്യമാക്കുമെന്ന് കെ.ആൻസലൻ എംഎൽഎയും അറിയിച്ചിട്ടുണ്ട്. അങ്ങനെ മറുനാടൻ വാർത്ത വൈറലായതിന്റെ സഹായം ഈ  പെൺകുട്ടിയെ തേടിയെത്തുകയാണ്.

കെ.എസ്.ആർ.ടി.സി.യിൽ എപ്ലോയ്‌മെന്റ് നിയമനത്തിൽ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു ആശയുടെ അച്ഛൻ രഘുനാഥ്. അർബുദം പിടിപെട്ടതോടെ, ജോലിയിൽനിന്നു ലഭിച്ചിരുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും ചികിത്സയ്ക്കു വേണ്ടിവന്നു. കഴിഞ്ഞ മാർച്ചിലാണ് രഘുനാഥ് മരിച്ചത്. ഇതോടെ അപ്പുപ്പന്റെ സംരക്ഷണയിലായി ആശയും അമ്മ ശ്രീദേവിയും. പതിനൊന്ന് ദിവസം  മുമ്പ് അമ്മ കോവിഡ് ബാധിച്ച് മരിച്ചു. ആശ്രയമായിരുന്ന അപ്പുപ്പൻ പരമേശ്വരൻ നായർ(97) ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ഇതോടെ ആശ പ്രതിസന്ധിയുടെ കാണക്കയത്തിലായി.

വർദ്ധക്യസഹജമായ അസുഖങ്ങളൊന്നുമില്ലാതിരുന്ന അപ്പുപ്പനെ മകളുടെ മരണമാണ് തളർത്തിയത്. ഇളയ അമ്മാവന്റെ പേരിലാണ് ഇപ്പോൾ താമസിക്കുന്ന കുടുംബവീട്. അമ്മയുടെ പേരിലുള്ള അഞ്ച് സെന്റ് ഭൂമി മാത്രമാണ് ആശയുടെ ആകെയുള്ള സമ്പാദ്യം.