അഹമ്മദാബാദ്: ഹെറോയിനുമായി ഗുജറാത്തിനടുത്ത് കടലിൽ പിടിയിലായ ഇറാനിയൻ സംഘം ലക്ഷ്യമിട്ടതുകൊച്ചി തീരത്തെ കച്ചവടം. ഈ മയക്കുമരുന്നും കേരളത്തിലേക്കുള്ളതായിരുന്നു. ശ്രീലങ്കൻ അധികൃതരുടെ പിടിയിലാകാൻ സാധ്യതയുള്ളതിനാലാണ് ഗുജറാത്ത് വഴി കേരളത്തിലെത്താൻ ശ്രമിച്ചത്.

പോർബന്ദർ തീരത്തുവെച്ച് ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഇറാനിയൻ കള്ളക്കടത്തുകാരെ പിടികൂടിയത്. ഇറാനിലെ കൊനാരക് തുറമുഖത്തുനിന്ന് പുറപ്പെട്ട ഇവരെ നിയോഗിച്ചത് ഇമാം ബക്ഷ്, ഖാൻ സാഹബ് എന്നിവരാണ്. പാക് കടൽ അതിർത്തിയിൽവെച്ച് 30 കിലോ ഹെറോയിൻ കൈമാറിയത് ഗുലാം എന്ന ഏജന്റാണ്. കൊച്ചി തീരത്ത് അലി മുഹമ്മദ് എന്നയാൾ ഇതുവാങ്ങുമെന്നായിരുന്നു അറിയിച്ചത്.

ലങ്കൻ പതാകയുള്ള ഒരു ബോട്ടുമായാണ് ഇയാൾ എത്തുകയെന്നും അറിയിച്ചിരുന്നു. പക്ഷേ, സംഘം ഗുജറാത്ത് കടൽ അതിർത്തിയിൽ എത്തിയപ്പോൾ പദ്ധതിമാറ്റി. ലങ്കൻ ഏജൻസികൾ പരിശോധന കർശനമാക്കിയിരുന്നു. ഇതിനാൽ അലി മുഹമ്മദ് ദൗത്യത്തിൽനിന്ന് പിന്മാറി. ഇന്ത്യയിലെ പഞ്ചാബിലേക്ക് ചരക്കയക്കാൻ പിന്നീട് ഏർപ്പാടായി. പക്ഷേ, രണ്ടുദിവസം ഇറാനിയൻ സംഘത്തിന് ഗുജറാത്ത് കടലിൽ കാത്തു കിടക്കേണ്ടിവന്നു. ഇതാണ് പിടിയിലാകാൻ കാരണമായത്.

മുന്ദ്ര തുറമുഖത്തുനിന്ന് 3000 കിലോഗ്രാം ഹെറോയിൻ പിടിച്ച കേസ് എൻ.ഐ.എ.ക്ക് കൈമാറും. ഇറാൻ, അഫ്ഗാനിസ്താൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ തീവ്രവാദസംഘങ്ങൾ കടത്തിനു പിന്നിലുണ്ടെന്നാണ് സൂചന. അതിനിടെ കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികൾക്കും ഇവരുമായി ബന്ധപ്പെട്ടവർക്കും ശ്രീലങ്കൻ ബന്ധം ഉള്ളതായി കണ്ടെത്തി. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ശ്രീലങ്കൻ നമ്പറുകളിൽനിന്ന് പ്രതികളുടെ മൊബൈലിലേക്ക് ഫോൺവിളികൾ എത്തിയിട്ടുണ്ട്. ഇത് കേസിൽ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ ബന്ധമാണ് സംശയിക്കുന്നത്.

ചെന്നൈ ട്രിപ്ലിക്കെയിനും തീരപ്രദേശത്തു നിന്നാണ് മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ചത്. ട്രിപ്ലിക്കെയിൻ സംഘത്തെ നിയന്ത്രിക്കുന്നത് മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തമിഴ് വംശജരാണ്. ഇവർക്ക് ശ്രീലങ്കയിലെ എൽ.ടി.ടി.ഇ. സംഘവുമായി ബന്ധമുണ്ടെന്നാണഅ സൂചന. കൊച്ചി കേസിൽ കസ്റ്റഡിയിൽ വാങ്ങിയ ദീപേഷുമായി നടത്തിയ തെളിവെടുപ്പിലാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. പ്രതികൾ കൊടൈക്കനാലിൽ റേവ് പാർട്ടികൾ സംഘടിപ്പിച്ച ഇടങ്ങളെല്ലാം അന്വേഷണം സംഘം കണ്ടെത്തി. ഇവിടെ എത്തിയവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഫവാസ് കൊടൈക്കനാലിൽ വാങ്ങാനായി അഡ്വാൻസ് നൽകിയ എസ്റ്റേറ്റും കണ്ടെത്തിയിട്ടുണ്ടെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിം പറഞ്ഞു. പിന്നീട് തർക്കംമൂലം ഈ ഇടപാട് മുടങ്ങി. കോടികൾ വിലവരുന്ന എസ്റ്റേറ്റ് വാങ്ങാനായി മുഹമ്മദ് ഫവാസ് തീരുമാനിച്ചതിനാൽത്തന്നെ വലിയ മയക്കുമരുന്ന് ഏർപ്പാട് ഇയാൾ മുഖാന്തിരം നടന്നു കാണുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.