മുംബൈ: മുംബൈയിൽ വൻലഹരിമരുന്നു വേട്ട. ഇറാനിൽനിന്ന് കടൽമാർഗം ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച ഹെറോയിനാണ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 2000 കോടി വിലവരുന്ന 283 കിലോഗ്രാം ഹെറോയിനാണ് ഡി.ആർ.ഐ.(ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ്) പിടികൂടിയത്. അടുത്തകാലത്ത് രാജ്യത്തു നടന്ന വമ്പൻ ലഹരിമരുന്നു വേട്ടയാണിത്.

കേസുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ടരൻ ടാൻ മേഖലയിൽനിന്ന് പ്രഭ്ജിത് സിങ് എന്ന വിതരണക്കാരനെ അറസ്റ്റ് ചെയ്തതായും മറ്റു രണ്ടുപേരെ മധ്യപ്രദേശിൽനിന്ന് പിടികൂടിയതായും അധികൃതർ അറിയിച്ചു.

നവിമുംബൈയിലെ ജവഹർലാൽ നെഹ്റു തുറമുഖത്ത് എത്തിച്ച ശേഷം മുംബൈയിൽനിന്ന് റോഡ്മാർഗം പഞ്ചാബിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. ടാൽക്കം സ്റ്റോണുകളുമായി വന്ന രണ്ട് കണ്ടെയ്നറുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ ഒളിപ്പിച്ചിരുന്നതെന്ന് ഡി.ആർ.ഐ. വൃത്തങ്ങൾ പറഞ്ഞു.

ജൂൺ 28-ന് ഡൽഹി വിമാനത്താവളത്തിൽനിന്ന് രണ്ട് ആഫ്രിക്കൻ പൗരന്മാരിൽനിന്ന് കസ്റ്റംസ് 126 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ഡൽഹി വിമാനത്താവളത്തിൽനിന്ന് അറുന്നൂറ് കോടിയിലധികം രൂപയുടെ ഹെറോയിനാണ് കസ്റ്റംസ് പിടികൂടിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ ആയിരം കോടി വിലവരുന്ന 191 കിലോ ഹെറോയിൻ മുംബൈ കസ്റ്റംസ് പിടികൂടിയിരുന്നു. അഫ്ഗാനിസ്ഥാനിൽനിന്ന് കൊണ്ടുവന്നു എന്ന് കരുതപ്പെട്ട ആ ഹെറോയിൻ ജവഹർലാൽ നെഹ്റു തുറമുഖത്തുനിന്നാണ് പിടിച്ചെടുത്തത്.