താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെന്ന് കാട്ടി യൂത്ത് കോൺ​ഗ്രസ് പരാതി നൽകിയതിന് പിന്നാലെ പരിപാടിയിൽ പങ്കെടുത്ത ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് കോൺ​ഗ്രസ് നേതാവ് ഹൈബി ഈഡൻ. അമ്മ സംഘടനാ നേതാക്കൾക്കെതികരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാൻ പരാതി നൽകിയതിന് തൊട്ട് പിന്നാലെയാണ് ഹൈബി ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതോടെ വിമർശനവുമായി പ്രവർത്തകരും എത്തി. താങ്കൾ പങ്കെടുത്ത യോഗത്തിലെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകിയത് അറിഞ്ഞില്ലേയെന്നാണ് ഫേസ്‌ബുക്കിലെ കോൺഗ്രസ് അനുഭാവികൾ ഹെെബിയോട് ചോദിക്കുന്നത്.

"താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം കലൂർ ദേശാഭിമാനി റോഡിൽ പ്രവർത്തനം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ, ഏറെ നാളുകൾക്ക് ശേഷമാണ് സിനിമ രംഗത്തെ സുഹൃത്തുക്കളെ ഒരുമിച്ച് കാണാൻ സാധിച്ചത്. ഏറെ സന്തോഷം."- എന്ന ക്യാപ്ഷൻ സഹിതമാണ് ഹൈബി യോഗത്തിൽ സംസാരിക്കുന്ന ഫോട്ടോ ഫേസ്‌ബുക്കിൽ പങ്കുവച്ചത്.

പരിപാടി സംഘടിപ്പിച്ചത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണെന്നാണ് ആരോപിച്ചാണ് യൂത്ത് കോൺ​ഗ്രസ് രം​ഗത്തെത്തിയത്. ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടെന്നും സംഘടനാ ഭാരവാഹികൾക്കെതിരെ കേസെടുക്കണമെന്നും യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കൊച്ചി ഡിസിപിക്ക് യൂത്ത് കോൺ​ഗ്രസ് പരാതി നൽകി.

എ സി ഹോളിലെ ഉദ്ഘാടന ചടങ്ങിൽ 150ലധികം ആളുകൾ പങ്കെടുത്തെന്നും കെട്ടിടത്തിന് പുറത്ത് പൊതുജനം തടിച്ച് കൂടിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. കെട്ടിടത്തിന് പുറത്ത് പൊതുജനം തടിച്ചുകൂടിയിരുന്നെന്നും താരങ്ങൾ ഒത്തുകൂടിയതും ജനക്കൂട്ടം തമ്പടിച്ചതും വ്യാപനത്തിന് വഴിവെക്കുമെന്നും യൂത്ത് കോൺഗ്രസ് കൊച്ചി ഡിസിപിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കി. പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് അമ്മയുടെ പുതിയ ബഹുനില കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്തത്. എറണാകുളത്ത് കലൂരാണ് 10 കോടിയോളം രൂപ മുടക്കി അത്യാധുനിക സജ്ജീകരണങ്ങളോടെ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നടീ, നടന്മാർക്ക് എഴുത്തുകാരെയോ സംവിധായകരെയോ കാണാൻ പ്രത്യേക ചേംബറുകൾ ഉൾപ്പടെ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്. 5 സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളാണു സജ്ജീകരിച്ചിട്ടുള്ളത്. ചലച്ചിത്ര പ്രദർശനത്തിനു സൗകര്യമുള്ള വലിയ ഹാളിൽ എൽഇഡി വോൾ പോലുള്ള സംവിധാനങ്ങളുമുണ്ട്. നാടക, കലാ ശിൽപശാലകൾ പോലുള്ള സാംസ്കാരിക പരിപാടികൾക്കും കെട്ടിടത്തിൽ സൗകര്യമൊരുക്കാനാവും.

അമ്മയുടെ ആസ്ഥാനമന്ദിരം ഒരു സ്വപ്നമായിരുന്നു. അതാണ് ഇപ്പോൾ സാക്ഷാത്കരിച്ചതെന്നും എല്ലാവരുടെയും ഒരുമിച്ചുള്ള പ്രയത്‌നം കൊണ്ടാണ് ഇപ്പോൾ ഇത് സാധിച്ചതെന്നും മോഹൻലാൽ പറഞ്ഞു. അമ്മ പിരിച്ചുവിടണമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അമ്മ ഒരിക്കലും പിരിച്ചുവിടാനുള്ള സംഘടനയല്ലെന്നും എന്നും നിലനിൽക്കാനുള്ളതാണെന്നും മുകേഷ് അഭിപ്രായപ്പെട്ടു.

അമ്മയുടെ പ്രവർത്തനം ആരംഭിച്ച് 25 വർഷങ്ങൾക്ക് ശേഷമാണ് ആസ്ഥാനമന്ദിരം പൂർത്തീകരിച്ചിരിക്കുന്നത്. 2019ലാണ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സംഘടനയുടെ ജനറൽ ബോഡി ഒഴികെയുള്ള യോഗങ്ങൾക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരമായിരിക്കും.