കൊച്ചി: മധ്യവേനലവധിക്കു ശേഷം ഹൈക്കോടതി 17-നു പ്രവർത്തനം പുനരാരംഭിക്കുന്നതു പൂർണമായും ഓൺലൈൻ രീതിയിൽ. ഹർജികൾ ഓൺലൈനായി സമർപ്പിക്കണം. സിറ്റിങുകൾ വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെ നടത്തും. രേഖകളുടെ ഒറിജിനൽ പിന്നീടു സമർപ്പിക്കണം. അടിയന്തര സ്വഭാവമുള്ള കേസുകൾ പരിഗണിക്കാൻ പ്രത്യേക അപേക്ഷ സമർപ്പിക്കണം. ഫയലിങ് സംബന്ധിച്ചു വിശദമായ മാർഗനിർദ്ദേശം ഉടൻ പുറത്തിറക്കും.

ഇ- ഫയലിങ് സംവിധാനം നടപ്പാക്കാൻ ഹൈക്കോടതി നേരത്തേ അനുമതി നൽകിയിരുന്നു. ഇതനുസരിച്ചുള്ള ഇലക്ട്രോണിക് ഫയലിങ് റൂൾസ് ഫോർ കോർട്ട്സ് (കേരള) 2021 ചട്ടങ്ങൾ കഴിഞ്ഞ ഏഴിനു സർക്കാർ ഉത്തരവായി ഇറക്കി. തുടർന്ന് ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ചതോടെയാണു പ്രവർത്തനം പൂർണമായും ഓൺലൈൻ രീതിയിലേക്കു മാറുന്നത്.

കോടതി ഓൺലൈനായി പരാതിക്കാരന്റെ വാതിൽപ്പടിയിലെത്തുന്നത് നീതിന്യായരംഗത്തു വലിയ മാറ്റത്തിനു തുടക്കമിടുമെന്നാണു വിലയിരുത്തൽ. ഇതുവഴി ഹൈക്കോടതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഭിഭാഷകർക്ക് ലോകത്തെവിടെനിന്നും കേസുകൾ ഫയൽ ചെയ്യാം. കേസ് വേഗം പരിഗണിച്ചു തീർപ്പാക്കാൻ കഴിയും.

പരാതിക്കാർക്കു പരസഹായമില്ലാതെ ഹർജികൾ ഫയൽ ചെയ്യാനും ഏതു നാട്ടിലിരുന്നും ഓൺലൈനായി നേരിട്ടു (പാർട്ടി ഇൻ പഴ്സൺ) വാദിക്കാനും കഴിയും. രാജ്യത്തെവിടെയുമുള്ള കീഴ്ക്കോടതി അഭിഭാഷകർക്കും ഇനി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാനും വാദിക്കാനും കഴിയും. മുതിർന്ന അഭിഭാഷകരുടെ സേവനത്തിനും മാറ്റമുണ്ടാകും. കേസ് നടത്താൻ ഹൈക്കോടതിയിൽ നേരിട്ടെത്തേണ്ട ആവശ്യം കുറയും. നീതിന്യായരംഗത്തു അഭിഭാഷകരുടെ കുത്തക ക്രമേണ ഇല്ലാതാകും.

കോവിഡ് കണക്കിലെടുത്തു കഴിഞ്ഞ ജൂണിൽ ഇ-ഫയലിങ് സംവിധാനം നടപ്പാക്കിയിരുന്നു. ആദ്യഘട്ടത്തിൽ ജാമ്യാപേക്ഷകളാണ് ഇ-ഫയലിങ്ങിലേക്കു മാറിയത്. ഇനിമുതൽ എല്ലാ ഹർജികൾക്കും ബാധകമാകും.